ലോ അക്കാദമി സമരം 23-ാം ദിവസത്തിലേക്ക് ; കനത്ത സുരക്ഷയില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും, പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കെ.മുരളീധരനും നിരാഹാരസമരം തുടങ്ങുന്നു

പേരൂര്‍ക്കട ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം 23-ാം ദിവസത്തിലേക്ക്. കനത്ത സുരക്ഷയില്‍ ലോ അക്കാദമിയില്‍ ഇന്നു ക്ലാസുകള്‍ ആരംഭിക്കും. വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മുരളീധരന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
എന്നാല്‍ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് വി.വി. രാജേഷ് ഉപവാസ സമരം ആരംഭിച്ചു. എസ്എഫ്‌ഐ സമരത്തില്‍ നിന്നു പിന്‍മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എബിവിപി, എഐഎസ്എഫ്, കെഎസ്യു, എംഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകള്‍ക്ക്. ലക്ഷ്മി നായരുടെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് കെ. മുരളീധരന്‍ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക. രാവിലെ 10 മുതലാണ് സമരം.
അതിനിടെ, കനത്തസുരക്ഷയില്‍ ഇന്നു ക്ലാസുകള്‍ ആരംഭിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഇന്നലെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ബിജെപി ജില്ലാ ഹര്‍ത്താലിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എത്തിയില്ല. ഇന്നു സംസ്ഥാനവ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും. നാളെ കെഎസ്‌യുവും പഠിപ്പുമടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. കെ. മുരളീധരന്‍ എംഎല്‍എ നിരാഹാരസമരം ആരംഭിക്കുന്നതോടെ കൂടുതല്‍ സമവായ ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണു വിദ്യാര്‍ഥികള്‍. സമരത്തില്‍ നിന്ന് പിന്‍മാറിയ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ കാംപസില്‍ കടക്കാന്‍ ശ്രമിച്ചാല്‍ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്. അതു കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി.
https://www.facebook.com/Malayalivartha