വൈദികവിദ്യാര്‍ത്ഥികള്‍ക്ക് പീഡനം; പിന്നെ കുട്ടികളെ സ്വാധീനിച്ച് പരാതിവ്യാജമാണെന്ന് എഴുതി വാങ്ങിച്ചു

വൈദിക വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ കൊട്ടാരക്കര ഹോളിക്രോസ് സെമിനാരിയിലെ വൈദികന്‍ തോമസ് പാറേക്കളം പീഡനത്തിന് ഇരയായവരില്‍നിന്ന് പരാതിവ്യാജമാണെന്ന പ്രസ്താവന നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങിയതായി ഒരു വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.
നേരത്തേ രണ്ട് വിദ്യാര്‍ത്ഥികളെ വൈദികന്‍ പീഡിപ്പിച്ചിരുന്നു. ഇവര്‍ വീട്ടില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് ഇപ്പോള്‍ പരാതിക്കാരായ വിദ്യാര്‍ത്ഥികളില്‍നിന്ന് ഇങ്ങനെയൊരു പ്രസ്താവന എഴുതി വാങ്ങിയത്. ആദ്യം ഭീഷണിയുടെ സ്വരത്തിലാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അഭ്യര്‍ത്ഥനയും അപേക്ഷയുമായി. അങ്ങനെ കുട്ടികളില്‍ ചിലര്‍ വൈദികന്‍ പറഞ്ഞ രേഖകളില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. വൈദികന്‍ പാവമാണെന്നും ഞങ്ങള്‍ സ്വയം ഉണ്ടാക്കിയെടുത്തതാണ് പീഡനകഥയെന്നും പറയുന്ന പ്രസ്താവനകളാണ് കുട്ടികളെ സ്വാധീനിച്ച് ഒപ്പിട്ടുവാങ്ങിയത്.
മൂന്നു വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ആലുവയിലെ ഒരു സെമിനാരിയില്‍ നിന്ന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു വന്ന മറ്റൊരു വിദ്യാര്‍ത്ഥിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്നാണ് ഒരു വിദ്യാര്‍ത്ഥി പറയുന്നത്. പീഡനം കഴിഞ്ഞ് ഇക്കാര്യം പുറത്തുപറയരുതെന്ന് അച്ചന്‍ കേണപേക്ഷിച്ചു. അതിനാല്‍ ആരോടും പറഞ്ഞില്ല. പിന്നീടും ആവര്‍ത്തിച്ചപ്പോള്‍ സെമിനാരിക്ക് അടുത്തുള്ള ഒരു പരിചയക്കാരനോടു പറഞ്ഞു. അയാളാണ് ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ്‌ലൈനില്‍ നിന്ന് വീട്ടില്‍ അന്വേഷിച്ചു വന്നപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ വീട്ടുകാര്‍ വിവരമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ ആണ് പൂവാര്‍ പൊലീസിന് പരാതി നല്‍കിയതും.
പരാതിക്കാരനായ വൈദിക വിദ്യാര്‍ത്ഥി ആറുമാസംമുമ്പാണ് പുത്തൂരിലെ എസ്. ഡി. എം സന്യാസ സമൂഹം സെമിനാരിയില്‍ പഠിക്കാനെത്തിയത്. അവിടത്തെ ഡയറക്ടറാണ് പ്രതിയായ വൈദികന്‍. കഴിഞ്ഞ ജൂലായിലാണ് ഈ വിദ്യാര്‍ത്ഥി നിരന്തരം പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈനില്‍ പരാതികൊടുക്കരുതെന്ന് നിരവധി തവണ ഫോണില്‍ വിളിച്ച് അച്ചന്‍ അപേക്ഷിച്ചു. അച്ചന്റെ സഹചാരിയായ ഒരു വിദ്യാര്‍ത്ഥിയെ വീട്ടിലയച്ച് പരാതി പിന്‍വലിച്ച് സെമിനാരിയിലേക്ക് മടങ്ങിവരാനും സ്വാധീനിച്ചിരുന്നു. പത്താംക്‌ളാസ് കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം വൈദികനാകാന്‍ പോയതാണ്. എന്നാല്‍ ഇത്തരം ദുരനുഭവങ്ങളില്‍ മനംമടുത്തതായി വിദ്യാര്‍ത്ഥി പറയുന്നു. ഇനി വൈദികനാകാന്‍ താനില്ല. പഠിച്ച് ജോലി നേടി സാധാരണ കുടുംബജീവിതം നയിക്കണം എന്നാണ് ആഗ്രഹം. പരാതിക്കാരായ മറ്റു വിദ്യാര്‍ത്ഥികളും സെമിനാരി വിട്ടുപോന്നു. നിലവില്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥികളാരും ഇല്ല.
https://www.facebook.com/Malayalivartha
























