മദ്യശാലയിലെ തിരക്കില്‍പ്പെട്ട് വരന്‍; മൂഹൂര്‍ത്തം കഴിഞ്ഞതോടെ ആശങ്കയിലായി ബന്ധുക്കള്‍

ബിവറേജസ് വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്തംഭനമുണ്ടായതോടെ വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. ഇതോടെ ആശങ്കയിലായി വരന്റെ ബന്ധുക്കള്‍. ഉടന്‍ തന്നെ അവര്‍ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച് വിവാഹം നടത്തി.
മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവും ഇതുമൂലമുണ്ടായ തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു.
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തിലായതോടെ ആലപ്പുഴ ജില്ലയില്‍ ബഹുഭൂരിപക്ഷം ബിവറേജസ്/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും അടഞ്ഞുകിടഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്റെ ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് മദ്യക്കടകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ആലപ്പുഴ നഗരത്തില്‍ വിദേശമദ്യശാലകള്‍ ഇല്ലാതായി. പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രമാണു ബാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെയാണ് മുഹമ്മയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇന്നലെ രാവിലെ എട്ടരയോടെ ക്യൂ തുടങ്ങിയത്. ഇതിനിടെയാണ് വരന്റെ വാഹനം കുടുങ്ങിപ്പോയത്. 
മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നു പോലീസ് എത്തിയാണ് മുഹമ്മ ബിവറേജസിനു മുന്നിലെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഒന്നാം തീയതിയായതിനാല്‍ ശനിയാഴ്ച മദ്യവില്‍പ്പന ഇല്ലാതിരുന്നതും ഇന്നലത്തെ ഞായറാഴ്ച അവധിയുമാണ് മദ്യശാലയ്ക്കു മുന്നിലെ ക്യൂ കിലോമീറ്ററുകളോളം നീളാന്‍ കാരണമായത്.
തിരക്ക് നിയന്ത്രിക്കാന്‍ ഇടപെട്ട പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നു മുതല്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് ബിവറേജസ് അധികൃതര്‍.
https://www.facebook.com/Malayalivartha
























