ചരക്ക്, സേവന നികുതിയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 30ന് ഹോട്ടലുകള്‍ അടച്ചിടും

ചരക്ക്, സേവന നികുതിയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 30ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗത് ഇന്ത്യന്‍ റസ്റ്റാറന്റ് അസോസിയേഷന്റെ തീരുമാനത്തെ പിന്തുണച്ചാണ് കേരളത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതിദിനം 6,000നും 10,000നും മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും 14,000ന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12ശതമാനവും ശീതീകരിച്ച റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഹോട്ടലുകള്‍ക്ക് അര ശതമാനമാണ് നികുതി.
ചരക്ക്, സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ അധിക സാമ്പത്തിക ഭാരം ഹോട്ടലുടമകള്‍ക്കൊപ്പം ഉപഭോക്താക്കളും വഹിക്കേണ്ടിവരും. ഇത് സാധാരണക്കാരെ ഹോട്ടലുകളില്‍നിന്ന് അകറ്റുന്ന അവസ്ഥയുണ്ടാക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഹോട്ടലുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി ഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജന.സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























