ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ യുവ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി. ശരീരമാസകലം മുറിവുകളേറ്റ് നീലനിറത്തില്‍ കാണപ്പെട്ട നിലയിലാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ യുവതി മരണപ്പെടുകയും ചെയ്തു. മദ്ധ്യപ്രദേശിലാണ് സംഭവം നടന്നത്. മോഡലായ ഖുശ്ബു ആഹിര്‍വാര്‍ (27) ആണ് മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനും ലിവ് ഇന്‍ പങ്കാളിയുമായ ഖാസിമിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഖാസിം ഖുശ്ബുവിനെ സെഹോറിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേസമയം, യുവതിയെ കൊണ്ടുവന്ന യുവാവ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഖുശ്ബുവിന്റെ മരണത്തില്‍ ഖാസിമിനെതിരെ അമ്മ ലക്ഷ്മി രംഗത്ത് വന്നിട്ടുണ്ട്.
മകളുടെ ശരീരമാസകലം നീല നിറത്തിലാണ് കാണപ്പെട്ടതെന്നും സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നുവെന്നും അമ്മയും സഹോദരിയും ആരോപിച്ചു. ഏതാനും നാളുകളായി ഇവര്‍ ഒരുമിച്ചാണ് താമസമെന്നും മരണത്തിന് പിന്നില്‍ ഖാസിമാണെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നാണ് മകള്‍ പറഞ്ഞിരുന്നതെന്നും കുടുംബം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച ഇരുവരും ഒരുമിച്ച് യാത്ര പോകുന്ന കാര്യം ഖാസിമും തങ്ങളെ അറിയിച്ചുവെന്നും കുടുംബം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഖാസിമിനെ തിരയുകയാണെന്നും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതി ആക്രമണത്തിനിരയായെന്നാണ് മൃതദേഹത്തിലെ മുറിവുകള്‍ നല്‍കുന്ന സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























