ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 13 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിര്‍ത്തിയിട്ടിരുന്ന മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എന്‍ഐഎയും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























