ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വസ്തുക്കള്‍ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും പരുക്കേറ്റു. എഫ്എസ്എല്ലിനൊപ്പം എന്‍എസ്ജി, എന്‍ഐഎയും സമഗ്രമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.
അന്വേഷണം വേഗത്തിലാക്കാന്‍ ഡല്‍ഹി പൊലീസിനും എന്‍ഐഎയ്ക്കും നിര്‍ദേശം നല്‍കി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്‌ഫോടനം അല്ലെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്‍ഐഎ സംഘം രാസ പരിശോധനകള്‍ ആരംഭിച്ചു. സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























