സ്വകാര്യ ലാബിന്റെ കൊള്ള ഡോക്ടര്‍മാരുടെ ഒത്താശയോടെ

ഡെങ്കിപ്പനിയുടെ മറവില്‍ സ്വകാര്യ ലാബുകള്‍ തോന്നുംപടി റേറ്റ് ഈടാക്കുന്നു. 30 രൂപയുടെ ടെസ്റ്റിന് 300 രൂപയും 100 രൂപയുടെ ടെസ്റ്റിന് 800 രൂപയുമാണ് വാങ്ങുന്നത്. ഡെങ്കിപ്പനി തുടക്കത്തില്‍ കണ്ടെത്താനുള്ള എന്‍.എസ് 1 ടെസ്റ്റിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന ഒരു പ്രമുഖ സ്വകാര്യ ലാബില്‍ 800 രൂപ ഈടാക്കുമ്പോള്‍ സര്‍ക്കാരിന്റെ പബ്ളിക് ഹെല്‍ത്ത് ലാബില്‍ 100 രൂപ മാത്രമാണ് റേറ്റ്. മെഡിക്കല്‍ കോളേജ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) ലാബില്‍ 370 രൂപയും കെ.എച്ച്.ആര്‍.ഡബ്ളിയു.എസിന്റെ എ.സി.ആര്‍ ലാബില്‍ 400 രൂപയും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ ഹിന്ദ്ലാബില്‍ 416 രൂപയുമാണ് ഫീസ്.
എ.സി.ആറിലും ഹിന്ദ്ലാബിലും എന്‍.എസ് 1നൊപ്പം ഡെങ്കിയുടെ അടുത്ത ഘട്ടത്തിലേക്കുളള ഡെങ്കി ഐ.ജി.എം, ഡെങ്കി ഐ.ജി.ജി എന്നിവ ഒരുമിച്ച് ചെയ്താലും ഫീസ് യഥാക്രമം 400ഉം, 416 ഉം മാത്രമേയുള്ളു. തലസ്ഥാനത്തെ മറ്റൊരു പ്രമുഖ ലാബില്‍ ഇതിന് 600 രൂപയാണ്. ഒരു സ്വകാര്യ ലാബില്‍ മൂന്ന് ടെസ്റ്റിനും കൂടി 1910 രൂപ വാങ്ങുമ്പോള്‍ മറ്റൊരിടത്ത് 2000 രൂപ ഈടാക്കും. വന്‍കിട സ്വകാര്യ ആശുപത്രികളിലെ റേറ്റ് ഇതിലും കൂടും.
മുമ്പ് ഡെങ്കി അണുബാധ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ഐ.ജി.ജി ടെസ്റ്റ് പബ്ളിക് ഹെല്‍ത്ത് ലാബിലില്ല. ഐ.ജി.എം ടെസ്റ്റിന് 100 രൂപയേയുള്ളു. മറ്റ് ടെസ്റ്റുകള്‍ താരതമ്യേന കുറഞ്ഞ നിരക്കുള്ള എച്ച്.ഡി.എസ് ലാബില്‍ ഡെങ്കിയുടെ മൂന്ന് ടെസ്റ്റുകള്‍ ഒരുമിച്ച് ചെയ്യാന്‍ 770 രൂപ നല്‍കണം. കംപ്ളീറ്റ് ബ്ളഡ് കൗണ്ട് (സി.ബി.സി ) ടെസ്റ്റിന് പബ്ളിക് ഹെല്‍ത്ത് ലാബില്‍ 30 രൂപയും എച്ച്.ഡി.എസില്‍ 70 രൂപയും മാത്രമുള്ളപ്പോള്‍ സ്വകാര്യ ലാബില്‍ 300 രൂപയാണ്. രക്തത്തിലെ പ്ളേറ്റ്ലെറ്റ് കുറയുമ്പോള്‍ നിരവധി തവണ ഈ ടെസ്റ്റ് ചെയ്യേണ്ടി വരും.
ഡെങ്കിപ്പനി ഭീതിയിലായതിനാല്‍ ജനങ്ങള്‍ റേറ്റ് നോക്കാതെ ടെസ്റ്റ് നടത്തി പണം നല്‍കി മടങ്ങുകയാണ്. ഏറ്റവും കൂടുതല്‍ റേറ്റ് ഈടാക്കുന്ന ലാബിലേക്കാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മിക്ക ഡോക്ടര്‍മാരും കുറിപ്പ് കൊടുക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ നല്‍കി കൂടുതല്‍ പേരെ ലാബില്‍ എത്തിച്ച് പിഴിയുകയാണ് ലാബുകളുടെ തന്ത്രം. പത്തിരട്ടി ഫീസ് വാങ്ങുന്ന ലാബുകളിലെ തിരക്കിന് കാരണം ഇതാണ്.
https://www.facebook.com/Malayalivartha



























