ഇരയെ തള്ളി വേട്ടക്കാരന് ഒശാന പാടുന്ന അമ്മയുടെ പ്രസിഡന്റേ താങ്കളും സംഘടനയും കേരളക്കരയ്ക്ക് അപമാനം

മകള്‍ക്കു പിന്തുണ നല്കാന്‍ കഴിയാത്ത അമ്മയെ നയിക്കുന്ന ഇന്നച്ചന്‍ എന്ന കോപ്രായക്കാരന്റെ നേര്‍ക്കു കേരളം വിരല്‍ചൂണ്ടുന്നു. ഇരയെയും വേട്ടക്കാരനെയും തിരിച്ചറിയാന്‍ കഴിയാത്ത കോമാളിവേഷം ഇനിയെന്തിന്? ഇരയ്ക്കു പിന്തുണയറിയിക്കാന്‍ പ്രമേയമുണ്ടോ? എന്ന പത്രക്കാരുടെ ചോദ്യത്തിനു മുന്നില്‍ ഗോഷ്ഠി കാട്ടി അമ്മയ്ക്കു ചുറ്റും കൂടിയ കെട്ടിലമ്മമാരുടെ മുതുകുകുലുക്കിയുള്ള ചിരിക്കു മുന്നില്‍ ചിലരെയൊക്കെ തന്റെ ഭാവാഭിനയം കൊണ്ട് മലര്‍ത്തിയടിച്ചെന്ന ഭാവം . ഇന്നസെന്റ് ഇനി താങ്കള്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്.
സൂപ്പര്‍, ജനപ്രിയ താരങ്ങളുടെ വാല്‍ക്കഷണമായ കോമാളി വേഷത്തിനപ്പുറം താങ്കള്‍ക്കു നേതാവിന്റെ ആര്‍ജവമില്ല. പാര്‍ട്ടിയുടെ പിന്തുണയില്‍ എം.പി. വരെയായി ജനനേതാവായി കരുത്തു തെളിയിക്കേണ്ട താങ്കള്‍ ആരെ രക്ഷിക്കാനാണ് ശ്രമിച്ചത്.
അമ്മയുടെ വേദിയിലിരുന്ന പത്രക്കാരെ കൂക്കി വിളിച്ച കുക്കു പരമേശ്വരനെയും, സദസ്സിലുണ്ടായിരുന്ന മേയ്ക്കപ്പ് സുന്ദരികളും അട്ടഹസിച്ചപ്പോള്‍ അവരെ നിയന്ത്രിക്കേണ്ട ആര്‍ജവമില്ലാതായിപ്പോയല്ലോ താങ്കള്‍ക്ക്. സത്യം മറനീക്കി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിയെയും, ഡി.ജി.പി.യെയും വിളിച്ചു വീമ്പുപറഞ്ഞ് ക്രമസമാധാനം തന്റെ കൈയ്യിലാണെന്ന ആക്കിയ ചിരിചിരിച്ച താങ്കള്‍ ഇനി പറയുക ഇരയാര്, വേട്ടക്കാരനാര്?
ഇരയ്‌ക്കെന്തു നീതിയാണ് നടപ്പാക്കേണ്ടത്?
മകനായാലും വേട്ടക്കാരനെ എന്തുചെയ്യണം?
സത്യം പറയാന്‍ ആര്‍ജവമില്ലെങ്കില്‍ അന്തസ്സായി ആ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക. ഇല്ലെങ്കില്‍ നാളെ അമ്മയെന്ന പ്രസ്ഥാനം കേരളത്തിലെ നാല്‍ക്കവലകളിലെ വെടിവട്ടക്കാരുടെ തെറിപ്പാട്ടാകും. സൂപ്പറുകളെ പേടിച്ച് അടയിരിക്കുന്ന 'അഭിനേത്രികള്‍' പേടിയുടെ പുതപ്പു വലിച്ചുമാറ്റി ചിലരുടെയെങ്കിലും കുത്തിനുപിടിക്കാം. പൊട്ടിത്തെറിക്കുമുന്‍പ് തിരിച്ചറിവുണ്ടാകുന്നതാണ് നല്ലത്.
ഇന്ന് മലയാള സിനിമാലോകം തെരുവില്‍ വിചാരണ ചെയ്യപ്പെടുന്നുവെങ്കില്‍ അതിന്റെ മുഖ്യപ്രതി താങ്കളാണ്. തെറ്റും ശരിയും തിരിച്ചറിയാത്ത ആണും പെണ്ണുംകെട്ട അവസ്ഥയെ ഈ പ്രസ്ഥാനത്തെ എത്തിച്ചതിന്റെ ശിക്ഷ. അതിനപ്പുറം വിഴുപ്പുകള്‍ വന്നടിയുന്ന ഈ മാലിന്യക്കൂമ്പാരത്തില്‍ അലങ്കാരങ്ങള്‍ കൊണ്ട് ജനപ്രിയമാക്കാം എന്ന അഹന്തയാണ്. ജനം തിരിച്ചറിയുന്നു. എല്ലാ മാലിന്യങ്ങളും അവര്‍ വലിച്ചെറിയും. ഒരു രാഷ്ട്രീയക്കാരനോ, പോലീസുകാരോ, ഭരണാധികാരിക്കോ ചിലപ്പോള്‍ രക്ഷിക്കാനായില്ലെന്നു വരാം.
സെല്ലുലോയിഡിലെ ആദര്‍ശ കഥാപാത്രങ്ങള്‍, തെരുവു ഗുണ്ടകളുടെയും, കൂട്ടിക്കൊടുപ്പുകാരുടെയും പച്ച ജീവിതങ്ങളാണെന്ന് കേരളം തിരിച്ചറിയുന്നു. ഇനിയും പല പൊയ്മുഖങ്ങളുമുണ്ട്. കട്ടവനു കുടപിടിക്കുന്നവരുണ്ട്. ഇന്ന് മലയാള സിനിമാലോകം അധോലോകത്തിന്റേതാണ്, കൂട്ടിക്കൊടുപ്പുകാരുടേതാണ്, ബ്ലേഡ് മാഫിയകളുടേതാണ്. വെള്ളിയാഴ്ചകളില്‍ ദുബായ്ക്കു ഫ്‌ളൈയിറ്റ് കയറുന്ന എക്ട്രാകളുമൊത്ത് വ്യവസായികളെ വലവീശിപ്പിടിക്കുന്ന പിമ്പുകളുടേതാണ്. ഇവര്‍ ന്യൂനപക്ഷമാകാം പക്ഷേ പണവും, പ്രതാപവും അവര്‍ കൈയടക്കി വച്ചിരിക്കുന്നു. സിനിമയില്‍ കൊഴിഞ്ഞുവീഴുന്ന ഈയാംപാറ്റകള്‍ ചലനമറ്റ് അവര്‍ക്കുചുറ്റും ഇരകളായി മാറുന്നു.
വേട്ടക്കാര്‍ ഇനിയുമുണ്ട്, കരഞ്ഞു ജീവിതം തീര്‍ക്കുന്ന ഒരുപാട് ഇരകളുമുണ്ട്. ഇന്നസെന്റ് നിങ്ങള്‍ തിരിച്ചറിയണം ഈ സിനിമാലോകത്തിന്റെ പുഴുക്കുത്തുകള്‍.
https://www.facebook.com/Malayalivartha
























