ഡെങ്കിപ്പനി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു; സംസ്ഥാനത്ത് പനി ബാധിച്ച് തിങ്കളാഴ്ച മാത്രം മരിച്ചത് ഒമ്പതുപേര്‍

സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ദിവസം തോറും വര്‍ധിക്കുകയാണ്. തിങ്കളാഴ്ച മാത്രം കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പനിബാധിച്ച് തിരുവനന്തപുരം പെരുമാതുറ സ്വദേശി ഇര്‍ഫാന (14), ചാല സ്വദേശി രാജേന്ദ്രന്‍ (22), കോഴിക്കോട് നാദാപുരം പൈക്കിലാട്ട് പി. ശ്രീനിവാസന്‍ (56), കോഴിക്കോട് കോരോത്ത് രാജന്‍ (62), ഡെങ്കിപ്പനി ബാധിച്ച് മഹിള കോണ്‍ഗ്രസ് പത്തിയൂര്‍ മണ്ഡലം സെക്രട്ടറിയും ചെറിയ പത്തിയൂര്‍ വിളത്തറ വടക്കതില്‍ ബഷീര്‍കുട്ടിയുടെ മകളുമായ ഹസീന (40), തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ ഏഴുവയസ്സുകാരനായ ആദിത്യന്‍, നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശി സതീഷ് (18), കോഴിക്കോട് ചെറുവാടിയില്‍ ആറുമാസം പ്രായമുള്ള ജെറാള്‍ഡ്, എച്ച്1എന്‍1 ബാധിച്ച് തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ശോഭ (57) എന്നിവര്‍ മരിച്ചു.
തിങ്കളാഴ്ച മാത്രം പകര്‍ച്ചപ്പനി ബാധിച്ച് 28,418 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 4101 പേരും മലപ്പുറം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയ 678 പേരില്‍ 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 87 പേര്‍ തലസ്ഥാന ജില്ലയിലാണ്. ഒമ്പതുപേര്‍ക്ക് എച്ച്1എന്‍1ഉം ഏഴ് പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി നാലുപേരും ചികിത്സതേടി. തിരുവനന്തപുരത്ത് ഒരാള്‍ക്ക് ചികുന്‍ഗുനിയയും കണ്ടെത്തി.
https://www.facebook.com/Malayalivartha
























