ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്; തൊഴില്‍മന്ത്രിയുടെ ചര്‍ച്ച ഇന്ന്

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്നു ചര്‍ച്ച നടത്തും. രാവിലെ പതിനൊന്നിന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായും വൈകിട്ട് നാലിന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായുമാണു ചര്‍ച്ച.
അതിനിടെ, കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ജില്ലയിലെ വിവിധ ആശുപത്രികളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അഞ്ചു സ്വകാര്യആശുപത്രികളിലെ സമരമാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും സമരം ആരംഭിക്കാനാണ് നഴ്‌സുമാരുടെ തീരുമാനം. സമരവുമായി ബന്ധപ്പെട്ടു നഴ്‌സുമാര്‍ ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കി. ആശുപത്രികള്‍ക്കു മുന്‍പില്‍ പന്തല്‍കെട്ടിയാണു സമരം.

പനിക്കാലത്തു നടത്തുന്ന സമരത്തില്‍നിന്നു പിന്‍മാറണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആവശ്യം നഴ്‌സുമാര്‍ തള്ളിക്കളഞ്ഞു. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ സഹരിക്കുമെന്നു നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























