ആ പ്രതീക്ഷയും പോയോ? അഡ്വ. രാം കുമാറിനെ മാറ്റി അഡ്വ. രാമന്‍ പിള്ളയെ വച്ചപ്പോഴും പോലീസ് തളര്‍ന്നില്ല; ശക്തമായ തെളിവുകള്‍ നിരത്തി വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കാന്‍ നീക്കം

അഡ്വ. രാം കുമാറിനെ മാറ്റി അഡ്വ. രാമന്‍ പിള്ളയെ വച്ച് ജാമ്യം നേടാന്‍ ദിലീപ് ശ്രമിക്കുന്നതിനിടെ ശക്തമായ നീക്കങ്ങളുമായി അന്വേഷണ സംഘം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കാനാണുദ്ദേശിക്കുന്നത്. ഇതിനായി അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. രണ്ട് കുറ്റപത്രങ്ങളില്‍ ഒരുമിച്ച് വിചാരണ നടത്തലാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യത്തെളിവുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. പര്യാപ്തമായ തെളിവുകള്‍ ലഭിച്ചു. മൊബൈലിനായി തെരച്ചില്‍ തുടരുകയാണ്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച് ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍.
അതേസമയം കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണ് വിവരം. കേസ് അവസാനഘട്ടത്തിലാണെന്നാണ് സൂചന.പ്രതിയായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണില്‍നിന്നു കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോപ്പി ചെയ്തിരുന്നു. ഇവയില്‍ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികള്‍ അന്വേഷണം ദിലീപില്‍ അവസാനിപ്പിച്ചേക്കും.എന്നാല്‍, മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും സുനില്‍, കേസിലിനിയും വലിയ സ്രാവുകള്‍ പ്രതി സ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ വലിയ സ്രാവുകളുടെ പേരുകള്‍ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























