മരണത്തില്‍ നിന്ന് രോഹിണിയെ തിരിച്ചു കൊണ്ടു വന്നത് ഈ കരങ്ങളായിരുന്നു

അന്ന് ആ മഴയത്ത് നടന്ന സംഭവം കണ്ടപ്പോള്‍ മറ്റൊന്നും നസീറിന്റെ മനസ്സിലുണ്ടായില്ല. എങ്ങനെയും ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കണം. അതേ, മരണത്തില്‍ നിന്നു തിരിച്ചു കൊണ്ടുവരാന്‍ രോഹിണി എന്ന പിഞ്ചുകുഞ്ഞിനെ ഡോ. സുരേന്ദ്രനെ ഏല്‍പിച്ചു മടങ്ങിയ കരങ്ങള്‍ ഈ നസീറിന്റേതായിരുന്നു.
കരുനാഗപ്പള്ളി പാലോലിക്കുളങ്ങരയിലെ റെയില്‍വേ പാളത്തില്‍ നിന്നു ജീവിതത്തിലേക്കു കൈപിടിച്ചു രക്ഷപ്പെടുത്തിയ പിഞ്ചുകുട്ടി സുഖമായിരിക്കുന്നല്ലോ എന്ന ആനന്ദം. വാര്‍ത്ത കൂട്ടുകാര്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. എത്രയോ പേര്‍ ഫോണ്‍ ചെയ്തു. ഓട്ടോ െ്രെഡവറായ നസീര്‍ ഇപ്പോള്‍ കോട്ടയത്തു മാര്‍ക്കറ്റില്‍ താജ് ജുമാ മസ്ജിദിന്റെ ഷോപ്പിങ് കോംപ്ലക്‌സിലാണു താമസം.
നസീര്‍ ആ സംഭവം ഓര്‍ത്തെടുക്കുന്നു: നാലു വര്‍ഷം മുന്‍പ്. രാവിലെ ആറോടെ ഒരു രോഗിയുമായി ഓട്ടോയില്‍ ആശുപത്രിയില്‍ പോയിട്ടു തിരികെ വരികയായിരുന്നു. പാലോലിക്കുളങ്ങര റെയില്‍വേ ഗേറ്റ് അടച്ചിരുന്നു. സിഗ്‌നല്‍ തെളിഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. വലിയ മഴ. തിരക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. റെയില്‍ പാളത്തില്‍ നിന്നു മാറി ഒരു കുട്ടി ചോരവാര്‍ന്നു കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മരിച്ചിട്ടില്ലെന്നു മനസ്സിലായി. ശ്വാസം ഉണ്ട്. ആരും രക്ഷപ്പെടുത്താന്‍ നോക്കുന്നില്ല.

ഉടന്‍ തന്നെ കുട്ടിയെ കോരിയെടുത്തു. മറ്റൊരാളിന്റെ സഹായത്തോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഉടന്‍ തന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ആംബുലന്‍സില്‍ നീണ്ടകര പാലം കടന്നപ്പോള്‍ കുട്ടിയുടെ നില ഏറെ വഷളായി. അങ്ങനെ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലേക്കു പോയി. സെക്യൂരിറ്റി പ്രധാന ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ചികിത്സ തുടങ്ങി. വൈകിട്ട് വരെ ആശുപത്രിയുടെ ഐസിയുവിനു മുന്നില്‍ ഇരുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ ബന്ധുക്കള്‍ എത്തി.
ഒന്നര മാസത്തിലധികം കുട്ടി ആശുപത്രിയില്‍ കിടന്നു. അതിനിടയില്‍ ഒരു തവണ കൂടി ചെന്നു കുട്ടിയെ കണ്ടു. ഓട്ടത്തിനിടയില്‍ പല വഴിക്കായി ജീവിതം. ഓട്ടോ വിറ്റു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സഹോദരനുമായി ചേര്‍ന്നു പഴക്കട നടത്തുകയാണ്. പാട്ടെഴുത്തുകാരനായി. കാരുണ്യപ്രവര്‍ത്തനങ്ങളായി. ഇനിയുള്ള കാലം പാട്ടെഴുത്തുകാരനായി അറിയപ്പെടാനാണു താല്‍പര്യം. നസീര്‍ പാണന്റയ്യത്ത് എന്ന പേരിലാണു പാട്ടുകള്‍ എഴുതുന്നത്.
ഇടക്കുളങ്ങര പാണന്റയ്യത്ത് ജമാലുദ്ദീന്‍ കുഞ്ഞിന്റെയും ഐഷാ ബീവിയുടെയും മകനാണ്. ഭാര്യ: നിസ. കുട്ടികള്‍: നിഷാന, നിഷാദ്. (വിദ്യാര്‍ഥികള്‍).
https://www.facebook.com/Malayalivartha


























