തന്നെ കുടുക്കിയതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും പങ്കെന്ന് ദിലീപിന്റെ അഭിഭാഷകന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് വേണ്ടി നല്‍കിയ ജാമ്യാപേക്ഷയിലെ വാദത്തിനിടെ അഭിഭാഷകന്‍ ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന് ദിലീപിനോട് ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്. ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമായ ഒടിയന്‍ ഇല്ലാതാക്കാന്‍ താന്‍ ശ്രമിച്ചുവെന്നാണ് ദിലീപ് വിശ്വസിക്കുന്നത്. ഇതാണ് തന്നോട് വിരോധം തോന്നാന്‍ കാരണം.
മുംബൈയില്‍ നിന്നുള്ള ഒരു പരസ്യ കമ്പനിയാണ് തനിക്കെതിരേ മാധ്യമങ്ങളില്‍ വന്ന പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ദിലീപ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതും ശ്രീകുമാര്‍ മേനോനെ ലക്ഷ്യം വച്ചായിരുന്നു. ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യ മോഡലായി മഞ്ജു വാര്യരെ കൊണ്ടുവന്നതും ശ്രീകുമാര്‍ മേനോന്‍ ഇടപെട്ടാണ്. വിവാഹ മോചനം നേടുന്നതിന് മുന്‍പ് തന്നെ ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചു.
ഭരണമുന്നണിയിലെ പ്രമുഖനായ നേതാവിന്റെ മകനുമായി ശ്രീകുമാര്‍ മോനോന് ബിസിനസ് ബന്ധങ്ങളുണ്ട്. ഇതുവഴിയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. തന്റെ ചലച്ചിത്ര ഭാവി തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആരോപണങ്ങള്‍ക്കും കേസിനും പിന്നിലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























