ഇന്ന് കേരളപിറവി ദിനം... മലയാളത്തിന് ഒരു അഭിമാനദിനം കൂടി, കേരളപിറവി ദിനം നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടതെന്ത്? കേരളത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെ?

ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 61 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി.
പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു.
വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.
എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 59 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു.
നിളയും സ്ത്രീയും മെലിഞ്ഞ കവിതയായി മാറിയിരിക്കുകയാണ് ഇന്ന് കേരളത്തില്‍. കൊലക്കത്തി കൊണ്ട് കഴുത്തറത്ത്, ചോരക്കളങ്ങളില്‍ കൈകൊട്ടിക്കളിക്കളിച്ച്, അയല്‍വാസിയുടെ പേര് പോലും അറിയാതെ, മഹാമൗനത്തിന്റെ അകത്തളത്തില്‍ മനസ്സ് തൂങ്ങി മരിക്കുന്ന ഈ പ്രഭാതങ്ങളില്‍ നാം കേള്‍ക്കാന്‍ കൊതിക്കുന്നത് ഇന്നലെയെവിടെയോ കേട്ട് മറന്ന പ്രകൃതിയുടെ സംഗീതമാണ്.
പക്ഷികളുടെ കളകളാരവമാണ്, കേരളം മരിക്കുന്നു എന്ന് വെറുതെ പറയുകയല്ല വേണ്ടത്. നഷടപ്പെട്ടു പോയതൊക്കെ തിരികെ പിടിക്കണം. ബന്ധങ്ങള്‍, പ്രകൃതി, പുഴ, സ്‌നേഹം.. നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്. നഷ്ടപ്പെട്ടു പോയതൊക്കെ നന്മകളാണ്, പുഴകള്‍ നശിച്ചതോടെ സംസ്‌കാരത്തിന്റെയും നാശംതുടങ്ങി.
നിള മരിക്കുന്നു എന്ന് കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇരയെന്നു മുദ്രകുത്തി മാറിനില്‍ക്കുകയാണ് നാം ചെയ്യുന്നത്. പക്ഷേ അവളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ ആരും പങ്കു ചേരുന്നില്ല. നിളയ്ക്ക് വേണ്ടത് നമ്മുടെ കണ്ണീരല്ല കൈത്താങ്ങാണ്. പറയി പെറ്റ പന്തിരുകുലത്തിന്റെ കഥകളുറങ്ങുന്ന മണ്ണ്, കലാമണ്ഡലത്തിന്റെ കളിയരങ്ങുകള്‍, ചമ്രവട്ടവും തിരുനാവായയും മാമാങ്കമണല്‍പ്പരപ്പും ത്രിമൂര്‍ത്തി ക്ഷേത്രങ്ങളും കുറ്റിപ്പുറവും കൂട്ടക്കടവും തൃത്താലക്കടവും വെള്ളിയാങ്കല്ലും തിരുമിറ്റക്കോടും കലാമണ്ഡലവും പാഞ്ഞാളും തിരുവില്വാമലയും. കാഴ്ചകളുടെയും പുരാവൃത്തങ്ങളുടെയും നിലയ്ക്കാത്ത നീരൊഴുക്കാണ് നിള. ഇത്രയേറെ വ്യക്തികളുടെയും ചിന്തകളുടെയും പ്രസ്ഥാനങ്ങളുടെയും കാല്‍പ്പാടു പതിഞ്ഞ നിളയുടെ മരണം കേരളത്തിന്റെ മരണമാണ്. പ്രകൃതിയിലേക്കൊരു മടക്കയാത്ര അനിവാര്യമാണ്. കേരളം കൊടും വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.
പിതൃപുണ്യം തേടി ബലിതര്‍പ്പണത്തിന് നിളാനദിക്കരയില്‍ എത്തിയിട്ട് ഒരു തുള്ളി വെള്ളം കിട്ടാത്ത നിളയെ വായിക്കേണ്ടി വരുന്ന നമ്മള്‍ അറിയുന്നില്ല നിളയുടെ മരണം കേരളത്തിന്റെ മരണമാണെന്ന്. പുഴ മരിച്ചു, കുന്നുകളിടിച്ചു, മരങ്ങള്‍ മുറിച്ചു എന്നിട്ട് നാം വരള്‍ച്ചയെ ഭയക്കുന്നു. ശരിക്കും വിഡ്ഢികളാണ് നമ്മള്‍.
വൃദ്ധസദനത്തില്‍ തനിച്ചിരിക്കുന്ന മാതാപിതാക്കളുടെ കണ്ണില്‍ നിന്നും പൊഴിയുന്ന കണ്ണുനീര്‍ മതി കേരളത്തിന്റെ ഇന്നത്തെ മുഖം മനസ്സിലാക്കാന്‍. അറിവില്‍ നിന്നും തിരിച്ചറിവിലേക്കാണ് ഇനി നാം നടക്കേണ്ടത്. സമ്പന്നതകൊണ്ട് സംതൃപ്തരാകില്ല. മദ്യത്തിന്റെ അതിപ്രസരത്തില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. കുടിച്ച് ലക്കുകെട്ട് വഴിയരികില്‍ വീണുമരിക്കുന്നവരുടെ എണ്ണം കൂടുന്നു. റോഡരികില്‍ ചോരക്കളങ്ങള്‍, ആഴ്ച ചന്തയില്‍ വിലയ്ക്കു വയ്ക്കുന്ന ഗര്‍ഭപാത്രങ്ങള്‍. വര്‍ഗീയതയും കള്ളത്തരങ്ങളും കാമവും കൊള്ളയും കൊലയും മാത്രം വാര്‍ത്തകളിലൂടെ അറിയുന്ന കേരളത്തിന്റെ മനസാക്ഷി മരവിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha