എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്, നവംബര്‍ 20നകം അപ്പീല്‍ നല്‍കും

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കും. ഈ മാസം 20ന് മുന്പ് അപ്പീല്‍ ഹര്‍ജി നല്‍കാനാണ് സി.ബി.ഐയുടെ തീരുമാനം. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സി.ബി.ആ പൂര്‍ത്തിയാക്കി വരികയാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. എന്നാല്‍, പിണറായി സാന്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























