കടലില്‍ ചാടിയെന്ന് വരുത്തി തീര്‍ത്ത് മുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പൊക്കി

വീട്ടുകാരെയും പോലീസിനെയും വട്ടം കറക്കി കടലില്‍ ചാടിയെന്ന് വരുത്തി തീര്‍ത്ത് മുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിന് സമീപം കടലില്‍ ആത്മഹത്യ ചെയ്തതായി അഭ്യൂഹം പരത്തി കടന്നു കളഞ്ഞ നെല്ലിമൂടിന് സമീപം പോങ്ങില്‍ ഷാരോണ്‍ ഭവനില്‍ ഷിബുവിനെ (32) ആണ് നെയ്യാറ്റിന്‍കര എസ്‌ഐ എസ്. ബിജോയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ത്താണ്ഡം ആറ്റൂരിന് സമീപം ചിതറാല്‍ ക്ഷേത്രവളപ്പില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ നാടുവിട്ടതെന്നാണ് ഷിബു പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാനുള്ള കാരണമെന്തെന്ന പൊലീസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഷിബുവിന്റെ പഴയൊരു സിം കാര്‍ഡിനെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തമിഴ്‌നാട്ടിലുള്ളതായി സൂചന ലഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ അവിടെയെത്തി തിരച്ചില്‍ നടത്തിയ പൊലീസ് ചിതറാല്‍ ജൈനക്ഷേത്ര വളപ്പില്‍ നിന്നും പിടികൂടുകയായിരുന്നു. കഴിഞ്ഞ 28ന് രാത്രിയാണ് ആത്മഹത്യാ കുറിപ്പു തയാറാക്കി വച്ച ശേഷം ഷിബു വീടുവിട്ടിറങ്ങിയത്. കുറിപ്പിലെ സൂചന പ്രകാരം ആഴിമലയില്‍ നിന്നും ഇയാളുടെ ബൈക്ക് പൊലീസ് കണ്ടെടുത്തു. അവിടെ സ്ഥാപിച്ചിരുന്ന ക്യമറകളില്‍ ഷിബു അതുവഴി കടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.
പിന്നീട് ഇയാള്‍ക്കു വേണ്ടി തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നേവി എന്നീ സേനകള്‍ തുടര്‍ച്ചയായി മൂന്നു ദിവസം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഴിഞ്ഞം സിഐ എന്‍. ഷിബു, നെയ്യാറ്റിന്‍കര സിഐ പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തുടരന്വേഷണം. എഎസ്‌ഐ കെ.ജെ. സാബുവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് മാസം മുന്‍പ് കോവളം കാണാനെത്തിയ മറ്റൊരു യുവാവും സമാനമായ രീതിയില്‍ മുങ്ങിയിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് നിന്ന് ഇയാളെയും പോലീസ് പൊക്കിയിരുന്നു.
https://www.facebook.com/Malayalivartha



























