ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും

തിരുവനന്തപുരം കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് പാറശ്ശാല എംഎല്‍എ സികെ.ഹരീന്ദ്രന്‍. മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. അതിനിടെ ജില്ലയിലെ ക്വാറി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ മറ്റന്നാള്‍ ഉന്നതതലയോഗം വിളിച്ചു.
സഹായധനത്തിലും ക്വാറികള്‍ക്കെതിരായ നടപടിയിലും ഉറപ്പ് വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്വാറി അപകടത്തില്‍ മരിച്ച ബിനില്‍കുമാറിന്റെ മൃതദേഹവുമായി വന്ന ആംബലുന്‍സ് റോഡില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ബിനില്‍കുമാറിന്റെ ബന്ധുക്കളും നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ സികെ ഹരീന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തി.
ഇതിനിടെ ക്വാറി ഉടമകളില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങി മരിച്ച തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നല്‍കുമെന്ന് സബ് കലക്ടര്‍ അറിയിച്ചതും വിവാദമായി. സബ്കലക്ടറോട് എംഎല്‍എ കയര്‍ക്കുകയും സഹായധനം സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കാര്‍ അടങ്ങുകയായിരുന്നു. അടിയന്തിര സഹായമായാണ് ഒരു ലക്ഷം രൂപ നല്‍കുന്നത്.
25 ലക്ഷം രൂപ സഹായം വേണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി. അനധികൃത ക്വാറികള്‍ക്കെതിരായ നടപടി മറ്റന്നാള്‍ കലക്ടര്‍ വിളിച്ച യോഗത്തിലുണ്ടാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പ് പ്രതിനിധികളെയും സമരസമിതിയെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് തൊഴിലാളികള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























