കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യത, മുന്നറിയിപ്പുമായി ഇന്റലിജന്‍സ്, പരിഭ്രാന്തരാകേണ്ടെന്ന് ഡിജിപി

ട്രെയിനില്‍ സഞ്ചരിക്കുന്ന ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ്. ഭീകരര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍വേ പോലീസ് സുരക്ഷ ശക്തമാക്കി. സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. കൂട്ടമായെത്തുന്ന മുസ്ലിംകളല്ലാത്ത യാത്രക്കാര്‍ക്ക് കുടിക്കാനായി റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐ.എസ്. പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കു വിവരം നല്‍കിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്കു നല്‍കുന്ന കുടിവെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും സുരക്ഷിതമെന്ന് ഉറപ്പാക്കണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു. നവംബര്‍ 14, 23 തീയതികളിലാണ് റെയില്‍വേ പോലീസിന് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല ഭക്തര്‍ ട്രെയിനുകളില്‍ കൂട്ടമായെത്തുന്നതിനാല്‍ അപായപ്പെടുത്താനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.
അതേസമയം, ജാഗ്രതാ സന്ദേശത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
ഐ.എസിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഓരോ സന്ദേശവും വിശദമായി പരിശോധിക്കുന്നതിനൊപ്പം, മുന്‍കരുതലെന്ന നിലയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കുന്നതു പതിവാണ്.
https://www.facebook.com/Malayalivartha

























