കാണാതായ ഹാദിയ മുസ്ലിംമതം സ്വീകരിച്ചു; പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചു, രണ്ട് വര്‍ഷമായി കോടതി കയറുന്ന കേസിലെ സംഭവവികാസങ്ങള്‍ ഇങ്ങനെ..

കോട്ടയം വൈക്കം സ്വദേശിയായ അഖില എന്ന ഹാദിയയെ കാണാതായെന്ന് കാട്ടി പിതാവ് അശോകന്‍ 2016 ജനുവരി ആറിനാണ് മലപ്പുറം പെരുന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. അഖില സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. അശോകന്റെ പരാതിയെ തുടര്‍ന്ന് ഹാദിയയുടെ സഹപാഠി ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നിട്ടും ഹാദിയെ കണ്ടെത്താനായില്ല. ഇതോടെ ജനുവരി 19ന് ഹാദിയയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.
കേരളത്തെ മുഴുവന്‍ ഇളക്കിമറിച്ച സംഭവമായി അതിനകം ഹാദിയ കേസ് ചര്‍ച്ചയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം ജനുവരി 25ന് ഹാദിയ നേരിട്ട് ഹാജരായി. ആരും തന്നെ തടവില്‍ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ടുകൂടി പരിശോധിച്ച ശേഷം ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച് കോടതി കേസ് തീര്‍പ്പാക്കി. പിന്നീട് മാര്‍ച്ചില്‍ സത്യസരണി എന്ന സ്ഥാപനത്തില്‍ നിന്ന് ഹാദിയ മതപഠനം പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 16ന് അശോകന്‍ വീണ്ടും ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കി. തുടര്‍ന്ന് ആഗസ്റ്റ് 22നും സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയില്‍ ഹാജരായി. സെപ്റ്റംബര്‍ 27ന് സത്യസരണി ഭാരവാഹിയായ സൈനബക്കൊപ്പം പോകാന്‍ കോടതി ഹാദിയയെ അനുവദിച്ചു.
ഡിസംബര്‍ 19ന് കോട്ടക്കലിലെ പുത്തൂര്‍ മഹലില്‍ ഷെഫിന്‍ ജഹാനും ഹാദിയയയും വിവാഹതിരായി. വിവാഹത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിസംബര്‍ 21ന് കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. 2017 മെയ് 24 ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം കോടതി റദ്ദാക്കി. മാതാപിതാക്കള്‍ക്കൊപ്പം പോകാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലെത്തി. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കാന്‍ ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ ഓഗസ്റ്റ് 18ന് പിന്മാറി . കേസില്‍ എന്‍.ഐ.എ അന്വേഷണവും വിവാഹവും രണ്ടായി തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനായി ഒക്ടോബര്‍ 27ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























