ആലുവയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ആലുവ കുന്നത്തേരിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഷാജി, ഭാര്യ സൈഫുന്നീസ.മകള്‍ ആയിഷ (13) എന്നിവരാണ് മരണമടഞ്ഞത്.
പുതുതായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് റോഡിലേക്ക് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മൂന്നാം നില വീടായും രണ്ടാം നില ഒരു ഫ്‌ളര്‍മില്ലായും ആദ്യ നില ഒരു വര്‍ക്ക്‌ഷോപ്പായും ഉപയോഗിച്ചു വരികയായിരുന്നു. മൂന്നാം നിലയില്‍ വീട്ടുടമായായ ഷാജിയും കുടുംബവുമാണ് താമസിച്ചിരുന്നത്.
ആയിഷയെ ആദ്യം തന്നെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ വച്ച് കുട്ടി മരണപ്പെടുകയായിരുന്നു. ജെസിബി ഉപ.യോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ പൂര്‍ണമായി നീക്കി അര്‍ദ്ധരാത്രിയോടെയാണ് ഷാജിയെയും സൈഫുന്നീസയെയും പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആയിഷയുടെ സഹോദരന്‍ കെട്ടിടം ഇടിഞ്ഞു വീഴുന്ന സമയത്ത് മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സാദിറിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയും എത്തിയിരുന്നു. ശക്തമായ മഴമുലം രക്ഷാപ്രവര്‍ത്തനം പ്രയാസമായി. കെട്ടിടത്തിന്റെ അശാസ്‌ത്രീയമായ നിര്‍മ്മാണമാണ് അപകടകാരണമെന്നാണ് ആദ്യനിഗമനം. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഒറ്റനില കെട്ടിടത്തില്‍ ആറുമാസം മുമ്പാണ് രണ്ടുനിലകള്‍ കൂടി പണിതതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha