വാഹനാപകടത്തിൽ മരിച്ച ആരാധകനോടുള്ള സ്നേഹം വാക്കുകളിൽ മാത്രമല്ല! ഹര്‍ഷാദിന്റെ അനുജന്റെ പഠനച്ചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

ആരാധകരോടെന്നും ഹൃദയം നിറയെ സ്നേഹം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. അവരോട് കര്‍ക്കശമായി സംസാരിക്കേണ്ട സമയത്ത് അങ്ങനെയും അദ്ദേഹം സംസാരിക്കും. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ കരുതലിന്‍റെ സാക്ഷ്യമായി ഒരു വാര്‍ത്ത. കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി സമൂഹമാധ്യങ്ങളില്‍ പോസ്റ്റിട്ടിരുന്നു.
എന്നാല്‍ വാക്കുകളില്‍ ഒതുക്കേണ്ടതല്ല ആ സ്നേഹപ്രകടനം എന്ന് കാണിച്ചു തന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. ഹര്‍ഷാദിന്റെ അനുജന്റെ പഠന ചെലവ് ഏറ്റെടുത്ത് കൊണ്ടാണ് മമ്മൂട്ടി ഹര്‍ഷാദിനോടും കുടുംബത്തോടുമുളള തന്റെ സ്നേഹം അറിയിച്ചത്. അനുജനും കുടുംബത്തിനും വേണ്ടി കുട്ടിക്കാലത്തേ ജീവിതഭാരം ചുമലിലേറ്റിയ ആളായിരുന്നു മമ്മൂട്ടി ആരാധകന്‍ കൂടിയായ ഹര്‍ഷാദ്.
നടന്‍ സിദ്ദിഖാണ് ഫെയ്സ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. ഹര്‍ഷാദിന്റെ ബാപ്പയുടെ വിയോഗത്തിനു ശേഷം കുടുംബത്തിന് താങ്ങും തണലുമായിരുന്നു ഹര്‍ഷാദ്. ഹര്‍ഷാദിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ കുടുംബത്തിനാണ് മമ്മൂട്ടിയുടെ സഹായഹസ്തം. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഹര്‍ഷാദുമൊരുമിച്ച് എടുത്ത ഫോട്ടോയും ആദരാഞ്ജലിയോടോപ്പം മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു. ആരാധകന്റെ വിയോഗത്തില്‍ ദുല്‍ഖര്‍ സല്‍മാനും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരുന്നു.
'ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദു:ഖമുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓണ്‍ലൈന്‍ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ഹര്‍ഷാദിന്റെ ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു എന്നും ദുല്‍ഖര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. ബൈക്ക് അപകടത്തിലായിരുന്നു ഹര്‍ഷാദിന്റെ മരണം.
https://www.facebook.com/Malayalivartha