കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിന്‍ വാതകം ചോര്‍ന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ്

കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിന്‍ വാതകം ചോര്‍ന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് കണ്ടെത്തി. ഫോറന്‍സിക് പരിശോധനയിലും ഇത് സ്ഥിരീകരിച്ചു. അപകടം നടന്നതിന്റെ തലേന്ന് രാത്രിയില്‍ ചോര്‍ന്ന് തേര്‍ഡ് ഡെക്കില്‍ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചത്.
അറ്റകുറ്റപ്പണി നടത്തിയ വാട്ടര്‍ ടാങ്കിന് സമീപത്തെ റഫ്രിജറേഷന്‍, ശീതീകരണ പ്‌ളാന്റുകള്‍ക്ക് സമീപത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടര്‍ പ്രമോദ് നിയോഗിച്ചു. ജോയിന്റ് ഡയറക്ടര്‍ അരുണന്‍ തലവനായ സമിതിയില്‍ കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ റെജി, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നിധീഷ്, സേഫ്ടി കണ്‍ട്രോളര്‍ ലാല്‍ വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരാണ് അംഗങ്ങള്‍. അഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൊട്ടിത്തെറി നടന്ന കപ്പല്‍ശാല കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെ രാവിലെ സന്ദര്‍ശിച്ചു. പൊലീസിന്റെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊട്ടിത്തെറി നടന്ന ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. കേന്ദ്ര മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഇന്നലെയും പരിശോധന നടത്തി അറ്റകുറ്റപ്പണികളുടെ രേഖകള്‍ ശേഖരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കപ്പലിന്റെ മുമ്പിലെ ഹോട്ട് വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചെന്നാണ് കപ്പല്‍ശാല അധികൃതര്‍ ആദ്യം പറഞ്ഞത്. ടാങ്കിലല്ല പൊട്ടിത്തെറിയെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് സ്ഥിരീകരിച്ചു. കപ്പലിന് പുറത്തെ സിലിണ്ടറില്‍ നിന്ന് റബര്‍ ഹോസ് വഴിയാണ് പണി നടക്കുന്നിടത്തേക്ക് ഗ്യാസ് എത്തിച്ചിരുന്നത്. കനത്ത ഉരുക്കുപാളികള്‍ മുറിച്ചു നീക്കാനും വെല്‍ഡ് ചെയ്ത് യോജിപ്പിക്കാനും അസറ്റിലിന്‍ വാതകമാണ് ഉപയോഗിക്കുന്നത്. തേര്‍ഡ് ഡെക്കിന്റെയും വാട്ടര്‍ ടാങ്കിന്റെയും കൂറ്റന്‍ ഉരുക്കുപാളികള്‍ പലതും തകര്‍ന്നിട്ടുണ്ട്.
വന്‍ സ്‌ഫോടന ശേഷിയുള്ളതാണ് അസറ്റിലിന്‍ വാതകം. ചോരുന്ന വാതകം ഓക്‌സിജനുമായി കലര്‍ന്നാല്‍ പോലും തീ പിടിച്ച് പൊട്ടിത്തെറിക്കും. നേരിട്ട് കത്തിയാല്‍ ശക്തമായ സ്‌ഫോടനമുണ്ടാകും.
ഓരോ ഷിഫ്ടിലും പണി ആരംഭിക്കും മുമ്പ് സീറോ ഗ്യാസ് സര്‍ട്ടിഫിക്കറ്റ് സുരക്ഷാ വിഭാഗം നല്‍കിയ ശേഷമേ തൊഴിലാളികളെ കയറ്റാവൂ എന്നാണ് വ്യവസ്ഥ. രാവിലെ എട്ടിന് പെര്‍മിറ്റ് നല്‍കണം. പണി സ്ഥലം പൂര്‍ണമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണിത്. അപകട ദിവസം ഈ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയതിന്റെ രേഖകള്‍ കപ്പല്‍ശാല കൈമാറിയിട്ടില്ലെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. പെര്‍മിറ്റ് നല്‍കിയിട്ടില്ലെങ്കില്‍ സുരക്ഷയില്‍ കപ്പല്‍ശാലയുടെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കപ്പല്‍ശാല ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
https://www.facebook.com/Malayalivartha