യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി നുറുക്കിയത് സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ സിപിഎം പ്രവര്‍ത്തകരെന്ന് സൂചന; റിമാന്‍ഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ ജാമ്യം റദ്ദാക്കാനൊരുങ്ങി അന്വേഷണ സംഘം...

കഴിഞ്ഞ ദിവസം സംഭവിച്ച മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം ഈ കേസിലെ പ്രതികള്‍ ഒളിവില്‍ പോയതാണ് ഇവരിലേക്ക് സംശയത്തിന് വഴിവെച്ചത്.
ഇതേ തുടര്‍ന്ന് റിമാന്‍ഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ ജാമ്യം റദ്ദാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഷുഹൈബിനെ വധിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നത് ജയിലിലാണെന്നും ഇവിടെ വെച്ച് ഷുഹൈബിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മട്ടന്നൂരില്‍ നടന്ന ലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി ജാമ്യത്തിലിറങ്ങിയ ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി 10.30 ഓടെയാണ് ബോംബേറും ആക്രമണവും നടന്നത്. എന്നാല്‍, പോലീസ് ഇത് ഗുരുതരമായി എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നുള്ള കോണ്‍ഗ്രസ് ആരോപണം പോലീസിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
പോലീസിനെതിരേ ശക്തമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഐടിയു പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചാലോടുള്ള സിഐടിയു പ്രവര്‍ത്തകനും സിപിഎം നേതാവുമായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, നിര്‍ണായകമായ ഒരു വിവരവും അയാളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് നാലാളുടെ പേരില്‍ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു അക്രമം. നമ്പര്‍ പതിക്കാത്ത കാറില്‍ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താന്‍ ശ്രമിച്ച പരിസരത്തുണ്ടായവര്‍ക്കു നേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകള്‍ തെറിച്ച് രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റു.
കഴിഞ്ഞ 12ന് എടയന്നൂരില്‍ സി.പി.ഐ.എം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ഷുഹൈബ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ ഷുഹൈബിനുനേരേ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി പ്രകടനം നടത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha