സഹോദരനെയും കുടുംബത്തെയും അരുംകൊല ചെയ്ത ബാബു മദ്യപിക്കാനും ആർഭാട ജീവിതം നയിക്കാനും ധൂർത്തടിച്ചത് അരക്കോടിയിലേറെ രൂപ... സ്വന്തം സഹോദരങ്ങളും വീട്ടുകാരും ബാബുവിന്റെ വഴിവിട്ട ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചപ്പോൾ ഫലം വിപരീതമായി! മദ്യം കഴിക്കാൻ പണം കിട്ടാതിരുന്നാൽ ഭ്രാന്തനാകുന്ന ചെകുത്താൻ കൊലയാളിയായപ്പോൾ

മൂക്കന്നൂരിൽ മൂന്നു സെന്റ് സ്ഥലത്തെ ചൊല്ലി ജ്യേഷ്ഠനെയും അയാളുടെ ഭാര്യയെയും മൂത്ത മകളെയും കൊന്നു തള്ളിയ ബാബു (45) മദ്യപിക്കാനും ആർഭാട ജീവിതം നയിക്കാനും ധൂർത്തടിച്ചത് ഭാര്യ വീട്ടുകാർ വിഹിതമായി കൊടുത്ത അറുപതു ലക്ഷം രൂപ. എല്ലാം തുലച്ചു. ഇതിനു പുറമേ, സ്വന്തമായുള്ള വരുമാനവും മദ്യത്തിലൊഴുക്കി. മദ്യം കഴിക്കാൻ പണം കിട്ടാതിരുന്നാൽ ഭ്രാന്ത് പിടിച്ചപോലെയാണ് പെരുമാറ്റം. ഭാര്യയ്ക്കും മക്കൾക്കും എല്ലാം നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. നാട്ടിലെ സമ്പന്ന കുടുംബത്തിലെ ഇളയ പെൺകുട്ടിക്ക് ഓട്ടോ ഡ്രൈവറായ ബാബുവിനോട് തോന്നിയ പ്രണയം നല്ലൊരു ഭാവി ജീവിതത്തിലേക്ക് വഴിതുറക്കുമെന്നാണ് എല്ലാവരും കരുതിയത്.
ബുള്ളറ്റിൽ ചുറ്റുന്നതായിരുന്നു ബാബുവിന്റെ ഹോബി. അതിനിടെയാണ് സൗമ്യമായ പെരുമാറ്റത്തിലൂടെ പെൺകുട്ടിയുടെ മനസ്സ് കവർന്നത്. താമസിയാതെ ബാബു അവളെ ജീവിത പങ്കാളിയാക്കി. വിവാഹശേഷമാണ് തന്റെ ഭർത്താവിന് മദ്യപാനശീലമുണ്ടെന്ന് ആ യുവതി മനസ്സിലാക്കിയത്. അതു തിരുത്താൻ ശ്രമിച്ചെങ്കിലും അടിക്കടി കൂടിവരുകയായിരുന്നു. വരവ് അറിഞ്ഞ് ചെലവാക്കുന്ന ശീലം ഇല്ലായിരുന്നു. പെട്ടി ഓ ട്ടോ ഓടിച്ചു കിട്ടുന്നതിൽ തുച്ഛം തുക വീട്ടിൽ കൊടുക്കും. ബാക്കി മദ്യപാനത്തിനായിരുന്നു ചെലവഴിച്ചിരുന്നത്. സ്വന്തം സഹോദരങ്ങളും വീട്ടുകാരും ബാബുവിനെ തിരുത്താൻ നോക്കിയെങ്കിലും വിജയിച്ചില്ല. മദ്യം ചെകുത്താനായി മാറുമെന്നും ഒരു കൊലയാളിയായി രൂപപ്പെടുമെന്നും ആരും സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല.
അങ്കമാലി മൂക്കന്നൂരിൽ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്ക് സമീപം അറയ്ക്കൽ ശിവൻ (62), ഭാര്യ വത്സ (58), മൂത്തമകൾ സ്മിത (30) എന്നിവരാണ് ശിവന്റെ അനുജൻ ബാബുവിന്റെ (45) കൊലക്കത്തിയ്ക്ക് ഇരയായത്. ബാബുവിന്റെ അമ്മ സ്വത്ത് വളരെ മുമ്പ് തന്നെ അഞ്ചു മക്കൾക്കുമായി ഭാഗം വച്ചിരുന്നു. തറവാട് വീടായിരുന്നു ബാബുവിന് കിട്ടിയത്. തറവാടിന് സമീപത്തായിരുന്നു ശിവൻ താമസിച്ചിരുന്നത്. ബാബു തറവാട് വീട് പൂട്ടിയിട്ട് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാലു കിലോമീറ്ററോളം ദൂരെ കാളാർകുഴി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തനിക്ക് കിട്ടിയ സ്ഥലത്തിനു പുറമേ, മൂന്ന് സെന്റ് സ്ഥലം അമ്മ തന്റെ പേരിൽ എഴുതി തന്നിട്ടുണ്ടെന്ന് ബാബു സഹോദരങ്ങളോട് പറയാറുണ്ട്. ഇതേക്കുറിച്ച് പറഞ്ഞ് ബാബു മറ്റു സഹോദരങ്ങളുമായി കലഹം പതിവായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 5.45. തറവാട് വീട് നിൽക്കുന്ന സ്ഥലത്തെ മരം മുറിച്ചുവിൽക്കാൻ ബാബു മരക്കച്ചവടക്കാരനുമായി എത്തി . മദ്യലഹരിയിലായിരുന്നു വരവ്. അമ്മ എഴുതികൊടുത്തുവെന്ന് അവകാശപ്പെട്ടിരുന്ന സ്ഥലത്തെ മരങ്ങളും മുറിക്കുമെന്ന് ജ്യേഷ്ഠൻ ശിവനോട് പറഞ്ഞു. സ്ഥലം എഴുതിക്കൊടുത്ത രേഖകളുമായി വരാൻ ശിവൻ ആവശ്യപ്പെട്ടു. ഇതോടെ, തർക്കം മുറുകി. അസഭ്യവർഷവുമായി തറവാട്ടുവീട്ടിലേക്ക് കയറിപ്പോയ ബാബു വെട്ടുകത്തിയുമായാണ് തിരിച്ചിറങ്ങിയത്. ഇതുകണ്ട് മരക്കച്ചവടക്കാരൻ തടഞ്ഞു. അയാളുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. അയാൾ ഓടി രക്ഷപ്പെട്ടു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ജ്യേഷ്ഠ ഭാര്യ വത്സയെ വാക്കത്തി കൊണ്ട് ആഞ്ഞുവെട്ടി. ഓടിവന്ന് തടസം നിന്ന ശിവനെയും സ്മിതയെയും തുരുതുരാ വെട്ടി. വെട്ടേറ്റ ശിവൻ റോഡിലേക്ക് ഓടി.
പിന്നാലെ പാഞ്ഞ ബാബു തടഞ്ഞു നിറുത്തി തുടരെത്തുടരെ വെട്ടി. ജ്യേഷ്ഠൻ വീണപ്പോൾ തിരിച്ച് പാഞ്ഞുവന്ന് ശിവന്റെ മകൾ സ്മിതയെ വെട്ടി. പന്ത്രണ്ടോളം വെട്ടുകളാണ് ഇവരുടെ ശരീരത്തിൽ കൊണ്ടത്.. സ്മിതയുടെ മകൻ അതുൽ (12), ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ (10) എന്നിവരുടെ കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. ബാബുവിന്റെ മറ്റൊരു സഹോദരനും പരേതനുമായ ഷാജിയുടെ ഭാര്യ ഉഷയുടെ വീട്ടുമുറ്റത്ത് വച്ചാണ് സ്മിതയെ വെട്ടിനുറുക്കിയത്. ഇതുകണ്ട് ഉഷ ഓടി രക്ഷപ്പെടുകയായിരുന്നു. ബാബു വെട്ടുകത്തിയുമായി മക്കൾക്ക് നേരെ തിരിഞ്ഞു.
അശ്വിന്റെ കൈയിൽ മാത്രമാണ് വെട്ടേറ്റത്. കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ മുഴുവൻ വാക്കത്തി കാട്ടി അകറ്റി നിറുത്തിയ ബാബു സ്കൂട്ടറിൽ കയറി സ്ഥലം വിട്ടു. ബാബുവിന്റെ കലി അടങ്ങിയിരുന്നില്ല. മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ അവരുടെ ജോലി സ്ഥലത്തേക്കാണ് പോയത്. അവർ വീട്ടിലേക്ക് മടങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
അതിനുശേഷം കറുകുറ്റി വഴി തൃശൂർ ജില്ലയിലെ ചിറങ്ങര ക്ഷേത്രക്കുളത്തിലേയ്ക്ക് സ്കൂട്ടർ ഓടിച്ച് വീഴുകയായിരുന്നു. കുളത്തിൽ വീണ ബാബുവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. അമ്മയുടെ മരണശേഷം മറ്റു മക്കൾ തന്നെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് ബാബുവിന്റെ നിലപാട്. എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha