ബിജുരമേശിന്റെ വെളിപ്പെടുത്തലിന്മേല്‍ കോടിയേരിയുടെ മൗനം കുറ്റസമ്മതം: രമേശ് ചെന്നിത്തല

മുന്‍ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ബാറുകളെല്ലാം തുറന്നു കൊടുക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്മേലുള്ള കോടിയേരിയുടെ മൗനം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇടതു മുന്നണിയും ബിജുരമേശും തമ്മിലുള്ള ഗൂഢാലോചന വഴി കെട്ടിപ്പൊക്കിയതാണ് ബാര്‍ കോഴക്കേസ് എന്ന് അന്നേ യു.ഡി.എഫ് പറഞ്ഞിരുന്നതാണ്. അത് ഇപ്പോള്‍ ബിജു രമേശ് തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് ഒരു സി.പി.എം എം.എല്‍.എയുടെ വീട്ടില്‍ വച്ചാണ് കോടിയേരിയും ബാര്‍ ഉടമകളും തമ്മില്‍ ഗൂഢാലോചന നടന്നതെന്ന് അന്നേ വ്യക്തമായിരുന്നതാണ്.
ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് അന്നും ഇന്നും യു.ഡി.എഫിന്റെത്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനും കരിതേച്ചു കാണിക്കുന്നതിനും ബിജു രമേശുമായി ചേര്‍ന്ന് ഇടതു മുന്നണി നേതാക്കള്‍ കെട്ടിച്ചമച്ച കേസാണിത്. ഇത് കെട്ടിച്ചമച്ച കേസാണെന്നും കെ.എം.മാണി തെറ്റുകാരനല്ലെന്നും യു.ഡി.എഫിന് നൂറുശതമാനവും ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ധൈര്യസമേതം അന്വേഷണത്തിന് തയ്യാറായത്. മാണി തെറ്റുകാരനല്ലെന്ന് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ഇപ്പോള്‍ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമായിരിക്കുകയാണ്. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്മേല്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha