കോട്ടയത്തെ നടുക്കിയ ദമ്പതികളുടെ തിരോധാനം ക്രൈംബ്രാഞ്ച് സംഘം അജ്മീരിലേക്ക്... പത്തര മാസം മുൻപ് രാത്രി ഭക്ഷണം കഴിക്കാൻ പോയ ഇരുവരെയും കാണാതായതിന് പിന്നിലെ ദുരൂഹതകൾ അഴിക്കാൻ അന്വേഷണസംഘം

കോട്ടയത്തെ നടുക്കി പത്തര മാസം മുൻപ് അറുപറയില്‍ നിന്നു കാണാതായ ദമ്പതികൾ രാജസ്ഥാനിലെ അജ്മീരിലുള്ളതായി സൂചന. ദമ്പതികളെ കണ്ടെത്താന്‍ സഹായകരമായരീതിയില്‍ ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്തയാഴ്ച തീര്‍ഥാടന കേന്ദ്രമായ അജ്മീരിലേക്കു പോകും.
രാത്രി ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് കാറില്‍ പുറത്തേക്ക്പോയ ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. കാറും കാണാതായിരുന്നു. ആത്മഹത്യപ്രവണതയില്‍ കാര്‍ ആറ്റിലേക്ക് ഇടിച്ചിറക്കിയെന്ന നിഗമനത്തില്‍ നേവിയും കൊച്ചി ആസ്ഥാനമായ സ്വകാര്യമുങ്ങല്‍ വിദഗ്ധ സംഘവും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രണ്ടു തവണകളായി ദിവസങ്ങള്‍ ജലാശയങ്ങളില്‍ നടത്തിയ തിരച്ചിലിലും തുമ്ബൊന്നും കിട്ടിയില്ല.
കാണാതായതിന്റെ തലേന്ന് ഹാഷിം ഒറ്റക്ക് പീരുമേട്ടില്‍ എത്തിയതായി മൊെബെല്‍ ടവര്‍ ലൊക്കേഷനും സി.സി.ടി.വി കാമറയും പരിശോധിച്ചതില്‍ തെളിഞ്ഞതോടെ ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
കഴിഞ്ഞ ഏപ്രില്‍ ആറിനു കാണാതായ കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെ കണ്ടെത്താന്‍ പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിലെ ഡി.വൈ.എസ്.പി സേവ്യര്‍ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മീരിലേക്കു പോകുക. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഹാഷിമിന്റെയും ഹബീബയുടെയും ബന്ധുക്കളില്‍ നിന്നു വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ദമ്പതികളുടെ കുട്ടികളടക്കമുള്ളവരില്‍നിന്ന് മൊഴിയും രേഖപ്പെടുത്തിയശേഷമാണ് സംഘം അജ്മീരിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്.
പോകാന്‍ സാധ്യതയുള്ള ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാന്‍കര തുടങ്ങിയ ദര്‍ഗകള്‍ കേന്ദ്രീകരിച്ച് നേരത്തെ കേസ് അന്വേഷിച്ച പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചിലസന്ദേശങ്ങളും ലഭിച്ചിരുന്നുവെങ്കിലും എല്ലാം വ്യാജമായിരുന്നു.
ഇതിനിടെയാണ് അജ്മീരില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്തെ റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം, തീര്‍ഥാടകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാതെ വന്നതോടെയാണ് ഡിസംബര്‍ ആദ്യവാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha