ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഇനി ഒരുമിച്ച് താമസിക്കാം: പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം വികസനത്തിന് 4.5 കോടി

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അപ്പാര്‍ട്ടുമെന്റുകളും ഡോര്‍മെറ്ററികളും നിര്‍മ്മിക്കുന്നതിനായി 4,49,84,000 രൂപ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. 17.60 സ്‌ക്വയര്‍ മീറ്റര്‍ വീതമുള്ള 20 അപ്പാര്‍ട്ട്‌മെന്റുകളും 3 ഡോര്‍മെറ്ററികളുമാണ് പുതുതായി നിര്‍മ്മിക്കുന്നത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഈ തുകയ്ക്കുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ശീര്‍ഷകത്തില്‍ നിന്നാണ് ഈ തുക വകയിരുത്തുന്നത്.
ഈ ഹോമിനെ വയോജനങ്ങളുടെ മാതൃകാ ഹോമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായും ക്ഷേമത്തിനായും സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. അതിന്റെ ഭാഗമായാണ് ഈ കെയര്‍ ഹോമിന്റെ വികസനവും. ആയുര്‍വേദ ചികിത്സ, യോഗ, ലൈബ്രറി, ശാരീരിക മാനസിക ഉല്ലാസത്തിനായുള്ള സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഇവിടെയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
1968ല്‍ ചാക്കയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ വൃദ്ധ മന്ദിരം 2013ലാണ് പുലയനാര്‍കോട്ടയിലേക്ക് മാറ്റിയത്. രണ്ടേമുക്കാല്‍ ഏക്കര്‍ വൃസ്തീര്‍ണമുള്ള ഭൂമിയില്‍ രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ 34 മുറികളാണുള്ളത്. 60 വയസിന് മുകളിലുള്ള 105 പേരാണ് ഇപ്പോഴിവിടെ താമസിക്കുന്നത്. ഭാര്യ മരിച്ചവര്‍, ഭര്‍ത്താവ് മരിച്ചവര്‍, ജീവിതമാര്‍ഗമില്ലാത്തവര്‍, സംരക്ഷിക്കാന്‍ മറ്റാരുമില്ലാത്തവര്‍, അലഞ്ഞ് തിരിയുന്നവര്‍, ഒറ്റപ്പെട്ടവര്‍ എന്നിവരാണവരാണിവിടെ താമസിക്കുന്നവര്‍.
https://www.facebook.com/Malayalivartha