വിഴിഞ്ഞം പദ്ധതി നിശ്ചിത സമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരിനു കരാറുകാരായ അദാനി ഗ്രൂപ്പിന്റെ കത്ത്... കാലാവസ്ഥ പ്രതികൂലമായതും ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും പ്രശ്‌നം സൃഷ്ടിച്ചെന്നും ഡ്രഡ്ജിങ്ങിന് ഉപ കരാറെടുത്ത ഹോവൈ ഗ്രൂപ്പ് പിന്മാറിയത് നിര്‍മാണ ജോലികള്‍ക്കു തിരിച്ചടിയായെന്നും അദാനി

വിഴിഞ്ഞം തുറമുഖ പദ്ധതി പറഞ്ഞ സമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരിനു കരാറുകാരായ അദാനി ഗ്രൂപ്പിന്റെ കത്ത്. പ്രതികൂല കാലാവസ്ഥയും ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ പ്രശ്‌നങ്ങളുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ താമസിക്കുന്ന ഓരോ ദിവസത്തിനും 12.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്നു വിലയിരുത്തി വിശദ അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനം.
പദ്ധതിയുടെ ആദ്യഘട്ടം 1,460 ദിവസത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതു നടപ്പാകില്ലെന്നു വ്യക്തമായതോടെയാണ് അദാനി കാലാവസ്ഥയെയും ഓഖിയെയും പഴിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കാലാവസ്ഥ പ്രതികൂലമായതും ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും പ്രശ്‌നം സൃഷ്ടിച്ചെന്നും ഡ്രഡ്ജിങ്ങിന് ഉപകരാറെടുത്ത ഹോവൈ ഗ്രൂപ്പ് പിന്മാറിയത് നിര്‍മാണ ജോലികള്‍ക്കു തിരിച്ചടിയായെന്നുമാണ് അദാനി പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നു രക്ഷപ്പെടാനായാണു പ്രകൃതിയെ പഴിക്കുന്നതെന്നു വിലയിരുത്തിയാണ് നാശനഷ്ടമടക്കം എല്ലാ കാര്യങ്ങളും സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടാകും പദ്ധതി സംബന്ധിച്ച് നിര്‍ണായകമാവുക.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ ഒപ്പിട്ട വിഴിഞ്ഞം കരാര്‍ അന്നേ വിവാദമായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി അദാനിക്കു സാമ്പത്തികലാഭം കിട്ടുന്ന തരത്തിലാണു കരാര്‍ വ്യവസ്ഥയെന്നായിരുന്ന പ്രധാന ആരോപണം. നടത്തിപ്പു കാലാവധി പത്ത് വര്‍ഷം അധികമായിനല്‍കിയത് ചട്ടലംഘനമാണെന്നും ഇതുവഴി അദാനി ഗ്രൂപ്പിന് 29,217 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു.
നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് സാധാരണയായി 30 വര്‍ഷമാണു നടത്തിപ്പ് അനുവദിക്കുക. ഇതു 40 വര്‍ഷമായി നീട്ടിയതിനു പുറമേ, ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാറിലുണ്ടായിരുന്നു. അങ്ങനെ ചെയ്താല്‍ അദാനിക്ക് 61,095 കോടി രൂപ അധികവരുമാനം കിട്ടുമെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha