ലസ്സി ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; കൃത്രിമമായി ഉണ്ടാക്കുന്ന ലസ്സിയിൽ തൈരിന് പകരം ഉപയോഗിക്കുന്നത് രാസവസ്തുക്കൾ

കൊച്ചി ലസ്സി മൊത്ത വിപണനകേന്ദ്രത്തിൽ വിൽപന നികുതി വകുപ്പിന്റെ റെയ്‌ഡിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നതെന്ന് കണ്ടെത്തി. നഗരത്തിലെ വിവിധ ലസ്സി ഷോപ്പുകളിലേക്ക് ലസ്സി എത്തിച്ചിരുന്ന സ്ഥലത്താണ് റെയ്ഡ് നടത്തിയത്.
അടുത്തിടെ കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ ലസ്സി ഷോപ്പുകൾ ആരംഭിച്ചിരുന്നു. ഇതേക്കുറിച്ച് വിൽപന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഇടപ്പിള്ളിക്കടുത്ത ഒരു വീടാണ് ലസ്സിയുടെ ഗോഡൗണായി പ്രവർത്തിക്കുന്നത് എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വിൽപന നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു.
ലസ്സിയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിക്കുന്നതെന്ന് റെയ്‌ഡിൽ കണ്ടെത്തി. ലസ്സി ഉണ്ടാക്കുന്നത് കൃത്രിമമായിട്ടാണെന്നും റെയ്‌ഡിൽ വ്യക്തമായി. തൈരിന് പകരം ചില രാസവസ്തുക്കളും പൊടികളുമാണ് ലസ്സി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്.
നികുതി സംബന്ധമായ കാര്യങ്ങളാണ് വിൽപന നികുതി വകുപ്പിന്റെ കീഴിൽ വരുന്നത് എന്നതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെയും ഹെൽത്ത് ഡിപ്പാർട്മെന്റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവർ എത്തി പരിശോധിക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
https://www.facebook.com/Malayalivartha