വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിച്ച് മാന്യമായി പെരുമാറണമെന്ന് ഡിജിപി ; പൊലീസുകാരില്‍ നിന്ന് നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പരിശീലനക്ലാസ്

ജനങ്ങളോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ച് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിച്ച് മാന്യമായി പെരുമാറണമെന്ന് ഡിജിപി നിര്‍ദേശിച്ചു. അടുത്തകാലങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായതിന്റെ പശ്ചാത്തലത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
വാഹനപരിശോധനക്കിടയിൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച് നിലവലുള്ള സര്‍ക്കുലര്‍ പൊലീസുകാരെ പരിചയപ്പെടുത്തണം. ഹെല്‍മെറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അമിതവേഗം എന്നിവ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം എന്നത് പഠിപ്പിക്കണം. ഇവയാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.
പൊലീസുകാരുടെ മോശം പെരുമാറ്റങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ആലപ്പുഴയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതും ഗവര്‍ണര്‍ക്ക് വഴി ഒരുക്കുന്നതിനിടയില്‍ തടസം സൃഷ്ടിച്ചെന്ന് കാട്ടി കാര്‍ യാത്രക്കാരനെ മൂക്കിനിടിച്ചതും നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് സ്റ്റേഷനില്‍ കൊണ്ടുവന്ന യുവാവിനെ തെറി വിളിച്ചതുമെല്ലാം സര്‍ക്കാരിനും പോലീസിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരു മണിക്കൂര്‍ അടിയന്തരപരിശീലനം നല്‍കിയത്.
https://www.facebook.com/Malayalivartha

























