ശില്പ കലയിലെ തമ്പുരാൻ കാനായി കുഞ്ഞിരാമന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

ശില്പ കലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) ട്രസ്റ്റിന്റെ രക്ഷാധികാരി ജി.രാജ്‌മോഹന് ബ്രോഷര്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ സംവിധായകന്‍ വി.കെ പ്രകാശ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംഘാടകസമിതി സെക്രട്ടറി അഭിരാം കൃഷ്ണന്‍, കലാട്രസ്റ്റ് അംഗം പ്രവീണ്‍കുമാര്‍, കാനായിയുടെ ശില്‍പകലയെയും ജീവിതത്തെയും അടിസ്ഥാനമാക്കി ഫോട്ടോപ്രദര്‍ശനം ഒരുക്കുന്ന ജിതേഷ് ദാമോദര്‍, നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ 2,3,4 തിയതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേല്‍നോട്ടം.
https://www.facebook.com/Malayalivartha