പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമം, പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. അടൂര്‍ ഏനാത്ത് ആണ് സംഭവം. ഏനാത്ത് കന്നിമല സ്വദേശിയായ 17വയസ്സുകാരിയെ 30 വയസ്സുകാരനുമായി വിവാഹം ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്.
തിങ്കളാഴ്ച്ച ഗുരുവായൂരില്‍ വെച്ച് രഹസ്യമായി വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതിനായി ഹോട്ടല്‍ മുറിയും ബസ്സും ബുക്ക് ചെയ്തിരുന്നു. രഹസ്യ വിവാഹമായതിനാല്‍ ക്ഷണക്കത്ത് അടിച്ചിരുന്നില്ല.
എന്നാല്‍ ശനിയാഴ്ച രാത്രി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏനാത്ത് എസ്‌ഐ ഗോപകുമാര്‍ വിവാഹം തടയുകയായിരുന്നു. പൂതങ്കര സ്വദേശിയായ 30കാരനുമായാണ് കുട്ടിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. വരനും പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമാണ് അറസ്റ്റിലായത്. ഏഴ് മാസം മുമ്ബ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha