റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് കായംകുളം അപ്പുണ്ണിയാണെന്നു പോലീസിനു വിവരം; രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പോലീസ് തീരുമാനം

മുന്‍ റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട 'കായംകുളം അപ്പുണ്ണി' എന്ന അപ്പുണ്ണിയാണെന്നു പോലീസിനു വിവരം ലഭിച്ചു. ക്വട്ടേഷന്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തെന്നു കരുതുന്ന ഇയാള്‍ ഒളിവിലാണ്. രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു.
ആലപ്പുഴ ജില്ലാ പോലീസിന്റെ 'എ' ലിസ്റ്റ് കാറ്റഗറിയിയിലുള്ള ഗുണ്ടയാണ് അപ്പുണ്ണി. ആലപ്പുഴ കുറത്തികാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമടക്കം മൂന്നു ക്രിമിനല്‍ കേസുകളിലെ പ്രതി. നേരത്തേ ആലപ്പുഴ പോലീസിന്റെ നല്ലനടപ്പ് ശിക്ഷയ്ക്കു വിധേയനായിട്ടുള്ള ഇയാള്‍ അപകടകാരിയായ ക്രിമിനലാണെന്നു പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. രാജേഷിനെ കൊലപ്പെടുത്തിയ അക്രമിസംഘം ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ കായംകുളം സ്വദേശിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു.
വാടകയ്ക്കു നല്‍കിയിരുന്ന കാര്‍ പലരിലൂടെ കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്നു പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. മറ്റന്നാള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ഖത്തറില്‍നിന്നു നല്‍കിയ ക്വട്ടേഷനാണു രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് നര്‍ത്തകിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. കൊലയാളി സംഘം സഞ്ചരിച്ച കാര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധര്‍ക്കു കൈമാറി.
https://www.facebook.com/Malayalivartha