വൈറസ് പനികളെല്ലാം ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന 'കണ്ടുപിടിത്ത'വുമായി ജേക്കബ് വടക്കാഞ്ചേരി; വ്യാജ വൈദ്യനെതിരെ പരാതിയുമായി ഡോക്ടർ രംഗത്ത്

നിപ്പോ വൈറസ് എന്ന സംഭവിമില്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ അവകാശപ്പെട്ട് പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരി. നിപ്പോ വൈറസ് മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ അരയും തലയും മുറുക്കി ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കാഞ്ചേരിയുടെ ഈ വിചിത്രമായ വാദം.
ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇദ്ദേഹം ഈ കാര്യം ജനങ്ങളുമായി പങ്കു വെച്ചത്. എലിപ്പനി, ഡങ്കി പനി അടക്കമുള്ള എല്ലാം രോഗങ്ങള്‍ക്കും പിറകില്‍ മരുന്നു മാഫിയായാണെന്നും ഇയാള്‍ പറയുന്നു. പിണറായിലെ കൊലപാതകത്തില്‍ ഒരു ഉത്തരവും കിട്ടിയില്ലായിരുന്നെങ്കില്‍ അതും ചിലപ്പോള്‍ വൈറസ് ബാധയെന്ന് പറഞ്ഞേനെ എന്നും വടക്കാഞ്ചേരി ആരോപിക്കുന്നു. പഴങ്ങള്‍ മാത്രം കഴിക്കുന്ന ഒരു ജീവിയില്‍ എങ്ങനെയാണ് വൈറസ് രൂപപ്പെടുക എന്നാണ് ഇയാളുടെ വാദം.
നോമ്പു കാലമായതിനാല്‍ രാവിലെ തയ്യാറാക്കിയ മാസാഹാരമുള്ള ഭക്ഷണം രാത്രി കഴിക്കാന്‍ ഇടവന്നിട്ടുണ്ടോ, പിറ്റേന്ന് പുലര്‍ച്ചേ കഴിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മരിച്ചവരുടെ വീട്ടില്‍ പോയി പരിശോധന നടത്തേണ്ടതെന്നും വടക്കാഞ്ചേരി വാദിക്കുന്നു. ഇത്തരം പനികളെ തങ്ങള്‍ക്ക് ഒരു പേടിയുമില്ലെന്നും ഒരു പ്രകൃതി ചികിത്സകനും ഇതു മൂലം മരണപ്പെടില്ലെന്നും ഇയാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കോഴിക്കോടുള്ള തന്റെ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കും, താന്‍ ഇപ്പോള്‍ വിയറ്റ്‌നാമിലാണെന്നും അദ്ദേഹം പറയുന്നു. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കുക, മാംസാഹാരങ്ങള്‍ കഴിയാവുന്നതും ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക എന്നിവയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടതെന്നും ജേക്കബ് വടക്കാഞ്ചേരി പറയുന്നു.
അതേ സമയം വ്യാജ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. അതില്‍ ജേക്കബ് വടക്കഞ്ചേരിയുടെ പേര് എടുത്തു പറയുന്നുണ്ട്. മുന്‍പും ഇയാള്‍ നടത്തിയ വ്യാജ പ്രചരണങ്ങളുടെ ഉദാഹരണങ്ങള്‍ സഹിതമാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ദീര്‍ഘമായ കത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ ഓരോ കോപ്പി ചെറിയ ചില മാറ്റങ്ങളോടെ ആരോഗ്യമന്ത്രിക്കും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത് സര്‍വീസിനും അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha