മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക സമർപ്പിച്ചു. കേസിലെ വാദിയായ അഡ്വ നെയ്യാറ്റിൻകര. പി.നാഗരാജാണ് കൗണ്ടർ സ്റ്റേറ്റ്മെൻ്റ് ഫയൽ ചെയ്തത്.
എല്ലാ നിയമ വശങ്ങളും പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവെന്നും നാഗരാജിൻ്റെ കൗണ്ടർ പത്രികയിൽ പറയുന്നു. പ്രഥമദൃഷ്ട്യാ കേസുള്ള അഴിമതി പരാതി വാതിൽ പടിയിൽ തള്ളരുതെന്ന സുപ്രീം കോടതി വിധിയും ഹാജരാക്കി. വിജിലൻസ് കോടതിയിലെ പരാതി റദ്ദാക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാകുമെന്നും നാഗരാജിൻ്റെ പത്രികയിൽ പറയുന്നു.
തെളിവെടുപ്പിന് ശേഷം വിചാരണ കോടതി ആവശ്യപ്പെടുന്ന സമയം സർക്കാർ അനുമതി തേടിയാൽ മതിയെന്നും പരാതിക്കാരൻ. അനുമതി വാങ്ങൽ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളും നാഗരാജ് ഹാജരാക്കി. കേസ് 19 ന് ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദീൻ പരിഗണിക്കും. 27 ന് തിരുവനന്തപുരം വിജിലൻസ് കോടതിയും കേസ് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് 27 ന് മാറ്റി വച്ചത്.
സെപ്റ്റംബർ 12 വരെ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിനാലാണ് വിചാരണ കോടതി ഉത്തരവ്. അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളി ക്കൊണ്ട് കേസ് നേരിട്ട് അന്വേഷിക്കാൻ വിജിലൻസ് കോടതി ആഗസ്റ്റ് 14 ന് ഉത്തരവിടുകയും വാദിയായ നെയ്യാറ്റിൻകര. പി.നാഗരാജിൻ്റ മൊഴി 30 ന് (ശനിയാഴ്ച ) രേഖപ്പെടുത്താനായി നാഗരാജിനോട് ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തു.
ഈ ഉത്തരവ് റദ്ദാക്കണമെന്നും ഇടക്കാല സ്റ്റേ വേണമെന്നുമാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബദറുദീൻ 12 വരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തത്. തനിക്കെതിരായ ഹർജിയിൽ വിചാരണ കോടതി വാദിയുടെ മൊഴിയെടുക്കണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 (1) പ്രകാരം സർക്കാരിൻ്റെ മുൻ കൂർ അനുമതി വാദിയായ നാഗരാജ് വാങ്ങണമെന്നാണ് അജിത് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
അതേ സമയം വകുപ്പ് 19 (1) സർക്കാർ അനുമതി വിചാരണ കോടതി മൊഴിയെടുപ്പ്, തെളിവുകൾ സ്വീകരിക്കൽ, രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കൽ, റിപ്പോർട്ട് തേടൽ എന്നിവയ്ക്ക് ആവശ്യമില്ലെന്നും തെളിവെടുപ്പിന് ശേഷം '' കോഗ്നിസൻസ് ''(കലണ്ടർ കേസ് രജിസ്റ്റർ ചെയ്യൽ) കേസ് എടുക്കൽ സമയത്ത് വിചാരണ കോടതി ആവശ്യപ്പെടുന്ന സമയം സർക്കാർ അനുമതി വാങ്ങിയാൽ മതിയെന്ന കൗണ്ടർ സ്റ്റേറ്റ്മെൻ്റ് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
https://www.facebook.com/Malayalivartha