നിപ്പ വൈറസ് ആശങ്ക തുടരുന്നു... രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു; എയിംസിലെ വിദഗ്ദ്ധ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും... ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസ പ്രത്യേക നീരിക്ഷണത്തിൽ

നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. നിപാ വൈറസിൻറെ ലക്ഷണങ്ങൾ കാണിച്ച രാജൻെറ രക്ത സാമ്പിളുകൾ പുണെയിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.
മെഡിക്കൽ കോളെജിലെ ഐസലോഷൻ വാർഡിലായിരുന്ന രാജൻ ഇന്ന് രാവിലെയാണ് മരിച്ചത്. അതെ സമയം പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇയാളെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില്‍ ചികിത്സിച്ച നേഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു. മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സിച്ച ഷിജി, ജിഷ്ണ എന്നീ നേഴ്‌സുമാരില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.
മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടേയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്.
അസാധാരണ മരണമായതിനാല്‍ അന്നു തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ ഇടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha