നിപ വൈറസിന്റെ സാന്നിധ്യം പരിശോധിക്കാന്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി ... മനുഷ്യന്റെ മരണത്തിനിടയാക്കുന്ന വൈറസ് ആയതിനാല്‍ പരിശോധന നടത്തേണ്ടത് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും...

നിപ വൈറസിന്റെ സാന്നിധ്യം പരിശോധിക്കാനും ഗവേഷണത്തിനും രാജ്യത്ത് അനുമതിയുള്ളത് രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രം. പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) യിലും ഭോപാലിലെ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറി (എച്ച്.എസ്.എ.ഡി.എല്‍) യിലും മാത്രം. മനുഷ്യന്റെ മരണത്തിനിടയാക്കുന്ന വൈറസ് ആയതിനാല്‍ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണം പരിശോധന നടത്താന്‍. അതിനാലാണ് ബയോ സേഫ്റ്റി ലെവല്‍ 4 (ബി.എസ്.എല്‍ 4) സാങ്കേതിക സൗകര്യമുള്ള രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അവര്‍ക്ക് മാത്രമാണ് വൈറസ് സാന്നിധ്യം വെളിപ്പെടുത്താനുള്ള അവകാശവും.
മാരകവും മരണകാരണവുമായ വൈറല്‍ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും പരിശോധനക്കുള്ള സൗകര്യമാണ് ബി.എസ്.എല്‍4.
ഡെങ്കി, ചികുന്‍ഗുനിയ, എലിപ്പനി തുടങ്ങി വൈറല്‍ പനികളും മറ്റ് വൈറല്‍ രോഗങ്ങളും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശോധിക്കാറുണ്ട്. എന്നാല്‍, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ പോലുള്ള വൈറസ് ബാധയും എബോള, സാര്‍സ്, പന്നിപ്പനി, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയവയുടെ വൈറസ് സാന്നിധ്യവും ബി.എസ്.എല്‍ 4 സംവിധാനമുള്ളിടത്താണ് പരിശോധിക്കേണ്ടത്. മാത്രമല്ല, അപകടകരമായ ജൈവിക ഏജന്റുകള്‍ വേര്‍തിരിച്ചെടുക്കുന്നതും ഇത്തരം ലാബിലേ പാടുള്ളൂ എന്നാണ് ചട്ടം. വൈറല്‍ ഹെമറാജിക് പനി, മാര്‍ബര്‍ഗ് വൈറസ്, ലസ വൈറസ്, ഹെല്‍ട്ര വൈറസ്, നിപാ വൈറസ്, ഫ്‌ലാവി വൈറസ് എന്നിവയുടെ സാന്നിധ്യവും ഗവേഷണവും ഇവിടെയാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha