ഫണ്ടും അനുവദിച്ചു.. അനുവാദവും കിട്ടി... എന്നാൽ ലാബ് തുടങ്ങിയില്ലെന്നു മാത്രം; മൂന്നു വർഷങ്ങൾക്ക് മുൻപ് ആരംഭിക്കാൻ തീരുമാനിച്ച വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബ് അട്ടിമറിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥർ

നിപ്പാ വൈറസ് മരണ നർത്തനമാടുന്ന കോഴിക്കോട് വൈറസുകളെ കണ്ടെത്താൻ മൂന്നു വർഷം മുമ്പ് ആരംഭിക്കാൻ തീരുമാനിച്ച വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബ് ഉദ്യോഗസ്ഥർ അട്ടിമറിച്ചു. സംസ്ഥാനമൊട്ടുക്ക് വൈറൽ പനി പടർന്ന പശ്ചാത്തലത്തിലാണ് മൂന്നു വർഷങ്ങൾക്ക് മുമ്പാണ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. ഫണ്ടും അനുവദിച്ചു. അനുവാദവും കിട്ടി. എന്നാൽ ലാബ് തുടങ്ങിയില്ലെന്നു മാത്രം.
കാരണം ചോദിക്കരുത്. ആർക്കും കാരണങ്ങളെ കുറിച്ചറിയില്ല. മുഖ്യമന്ത്രി പറയുന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ദുർഭരണമാണ് യഥാർത്ഥ കാരണം. അതായത് ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്ക്.
ആരോഗ്യ രംഗത്ത് ദേശീയ തലത്തിൽ ഉയർത്തി കാണിക്കുന്ന പേരാണ് കേരളത്തിന്റേത്. കേരള മോഡൽ എന്നാണ് ആരോഗ്യമേഖല അറിയപ്പെടുന്നത്. അങ്ങനെയുള്ള ഒരു സംസ്ഥാനത്താണ് ഒരു വൈറോളജി ലാബ് പോലുമില്ലാത്തത്.
കേന്ദ്ര സഹായത്തോടെയാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ വൈറോളജി ലാബുകൾ തുടങ്ങാൻ തീരുമാനിച്ചത്. കോഴിക്കോട് തുടങ്ങാൻ പോയത് സംസ്ഥാന വൈറസ് പരിശോധനാ ലാബാണ്. പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ആലപ്പുഴയിൽ ലാബ് ആരംഭിച്ചിട്ട് ആറു വർഷം തികയുന്നു. എന്നിട്ടും സ്വന്തം കാലിൽ നിൽക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ആലപ്പുഴ കേന്ദ്രം.
വൈറൽ പരിശോധനക്കായി കേരളം ആശ്രയിക്കുന്നത് മണിപ്പാൽ കസ്തൂർബ മെസിക്കൽ കോളേജിനെയാണ്. നിരവധി മിടുക്കർ കേരളത്തിലുള്ളപ്പോഴാണ് ഇത്തരമൊരു അവസ്ഥയെന്ന് മനസിലാക്കണം. സാമ്പത്തിക പ്രതിസന്ധിയല്ല ലാബ് തുടങ്ങുന്നതിന് തടസം നിൽക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും യഥേഷ്ടം ലഭിക്കും. എന്നാൽ അത് നടപ്പിലാക്കുന്നതിനുള്ള ഇഛാശക്തി ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വേണം. കസ്തൂർബ മെഡിക്കൽ കോളേജ് ഒരു സർക്കാർ സംരംഭം അല്ലാത്തതിനാൽ കേരളത്തിൽ ലാബ് വരാത്തതിന്റെ കാരണം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.
സ്വകാര്യ ലാബുകൾക്ക് ഇത്തരം പരിശോധനകൾ മറിച്ചുനൽകിയാൽ അതിൽ നിന്നും ഡോക്ടർമാർക്ക് യഥേഷ്ടം കമ്മീഷൻ നൽകും. എല്ലാ പരിശോധനകളിലും അതാണ് നടക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് എറണാകുളം മെഡിക്കൽ കോളേജ് പോലും ഡോക്ടർമാർ നന്നാക്കാത്തത്. എറണാകുളം ജനറൽ ആശുപത്രിയിലും ഇത് തന്നെയാണ് അവസ്ഥ. സ്വകാര്യാശുപത്രികളും സെക്രട്ടേറിയറ്റിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും തമ്മിൽ അനാരോഗ്യ ബന്ധങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.
https://www.facebook.com/Malayalivartha