നിപ്പ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര ശാന്തം; അപ്രതീക്ഷിത മരണങ്ങള്‍ ഒരു നാടിനേല്‍പ്പിച്ച ആഘാതം ചെറുതല്ല; പേരാമ്പ്ര ലോക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ആശ്വാസമായത് കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രാര്‍ത്ഥന; എല്ലാം ഉപേക്ഷിച്ച് വീടു വിട്ടു പോയവര്‍ വേദനയോടെ തിരികെയെത്തുമ്പോള്‍...

നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയില്‍ കഴിയുമ്പോള്‍ നിപ്പ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര ശരിക്കും തളര്‍ന്ന മട്ടായിരുന്നു. ഈ വൈറസ് മൂലം എട്ടുപേരാണ് ഇവിടെ മരിച്ചത്. 15 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് നിപ വൈറസ് മൂലം എട്ടുപേര്‍ മരിച്ചത്. മലപ്പുറത്തും മൂന്നുപേര്‍ മരിച്ചു.
രണ്ടാഴ്ചയ്ക്കകം രണ്ടുമക്കളെ നഷ്ടമാകുകയും ഭര്‍ത്താവിന്റെ ജീവനുവേണ്ടി കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന മറിയത്തിന് കണ്ണീര്‍ തോരുന്നില്ല. അഞ്ചുവര്‍ഷത്തിനിടെ മൂന്നാമത്തെ മകനെയാണ് അവര്‍ക്ക് നഷ്ടമായത്. 2013ല്‍ വാഹനാപകടത്തിലാണ് മുഹമ്മദ് സാലിം മരിച്ചത്. എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് പുതുമണവാട്ടിയുമായി പുതിയ വീട്ടിലേക്കും ജീവിതത്തിലേക്കും കടക്കാന്‍ കാത്തിരിക്കുകയായിരുന്ന മൂത്ത മകന്‍ മുഹമ്മദ് സ്വാലിഹിനെയും രണ്ടാമത്തെ മകന്‍ മുഹമ്മദ് സാബിത്തിനെയും ഇപ്പോള്‍ നിപയും തട്ടിയെടുത്തു.
ഇനി ആകെയുള്ളത് ഇളയവന്‍ മുത്തലീബ് മാത്രം. ഉമ്മയ്ക്കും മുത്തലീബിനും ആകെയുള്ള പ്രതീക്ഷ ആശുപത്രിയില്‍ മൂസ്സയുടെ ആരോഗ്യം ഭേദമായി വരുന്നെന്ന വാര്‍ത്തകളാണ്. അവരുടെ സൂപ്പിക്കടയിലെ വീട്ടിലിപ്പോള്‍ ആരുമില്ല. രണ്ട് മുയലുകളുണ്ട്, നാലെണ്ണമുണ്ടായിരുന്നു. ഉപ്പയും മക്കളുമെല്ലാം കളിപ്പിച്ച തള്ളമുയലും മൂന്നുകുട്ടികളും. മുയല്‍കുട്ടികളില്‍ രണ്ടെണ്ണത്തെ പൂച്ച കടിച്ചുകൊന്നു. തള്ളയും ഒരു കുഞ്ഞും ഇപ്പോഴും അടച്ചിട്ട വീട്ടിലെ ആ കൂട്ടിലുണ്ട്. അയല്‍ക്കാരനായ ചാത്തങ്കണ്ടി മുഹമ്മദിന് ഒരു സംശയവുമില്ല: 'മുയലുകള്‍ ദുരൂഹമായി ചത്തതാണെന്ന പ്രചാരണം ശരിയല്ല. അതിനെ പൂച്ച കടിച്ചു കൊന്നതാണ്'.
ആശുപത്രിയില്‍ കഴിയുന്ന മൂസ്സയുടെ ബന്ധുവായ മറിയത്തെയും മരണം തട്ടിയെടുത്തു. സ്വാലിഹിന്റെ ചികിത്സാവേളയില്‍ ഈ മറിയം കൂട്ടിരുന്നിരുന്നു. റോഡിന് തൊട്ടപ്പുറമുള്ള വീടായതിനാല്‍ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവര്‍. മറിയത്തിന്റെ മരണം ഭര്‍ത്താവ് മൊയ്തുഹാജിയെ തകര്‍ത്തു. അവരും വീടുമാറി. ഇപ്പോള്‍ മടങ്ങിയെത്തി.
മൂസ്സയുടെ അയല്‍ക്കാരനായ ചാത്തങ്കണ്ടി മുഹമ്മദും വീടൊഴിഞ്ഞിരുന്നു. രക്തപരിശോധനയുടെ ഫലം വന്നതോടെ തിരിച്ചെത്തി. മാസ്‌ക് പോലും ധരിക്കാതെയാണ് മുഹമ്മദ് നടക്കുന്നത്. മുഹമ്മദെന്നല്ല, പേരാമ്ബ്ര പ്രദേശത്തെ ഭൂരിപക്ഷം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ അത് വിതരണംചെയ്തിട്ട് പോയി. ഇപ്പോള്‍ കുറെ നോട്ടീസടിച്ച് നല്‍കുന്നുണ്ട്.
കുപ്രചാരണങ്ങളാണ് നിപയെക്കാള്‍ ഭീകരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്നത്. അതുപ്രകാരം മറിയവും ഭര്‍ത്താവ് മൂസ്സയും ഇളയമകനും വരെ മരിച്ചുകഴിഞ്ഞു. മരിച്ചവരുടെ വീടുകളിലെല്ലാം മറ്റുള്ളവര്‍ക്കും രോഗബാധയുണ്ട്. ഇങ്ങനെ കെട്ടുകഥകള്‍ ഏറെയുണ്ട്. വെറും കള്ളപ്രചാരണങ്ങള്‍.
ചങ്ങരോത്ത് പഞ്ചായത്തിലുള്ളവരില്‍ ഭൂരിഭാഗവും വീടൊഴിഞ്ഞു പോയെന്നാണ് മറ്റൊരു പ്രചാരണം. സൂപ്പിക്കടയില്‍ മാത്രം പരമാവധി 25 വീട്ടുകാര്‍ ഒഴിഞ്ഞുപോയി, അത്രമാത്രം.
ചെമ്പനോടയില്‍ നഴ്‌സ് ലിനിയുടെ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ചൂടാറിയിരുന്നില്ല. മക്കള്‍ രണ്ടുപേരും കളിച്ചുനടക്കുന്നു. അവരെ നോക്കി സജീഷ് പറഞ്ഞു, ഇനി ബഹ്‌റൈനിലേക്കില്ല. മരിക്കുന്നതിന് തൊട്ടുമുമ്പാണ് ഞാനെത്തിയത്. ഓക്‌സിജന്‍ നല്‍കുകയായിരുന്നു. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവള്‍ എന്റെ കൈ പിടിച്ചു. മനസ്സിലുണ്ടായിരുന്നതെല്ലാം ആ കണ്ണുകളില്‍ ഉണ്ടായിരുന്നിരിക്കണം.
സ്വന്തം മാതാപിതാക്കളെപ്പോലും വഴിയാധാരമാക്കുന്നവരുടെ ഇടയിലാണ് ചെറുവണ്ണൂര്‍ കണ്ടിയില്‍താഴെ കാരയാട്ട് കുന്നുമ്മല്‍ ജാനകിയുടെ ജീവത്യാഗം മഹത്തരമാകുന്നത്. ഭര്‍ത്തൃപിതാവിനെ ചികിത്സിക്കാന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കഴിയവേയാണ് അവര്‍ നിപയുടെ ഇരയായത്.
കൂരാച്ചുണ്ടിലെ മലമ്പ്രദേശത്തുള്ള കൂലിപ്പണിക്കാരന്‍ രാജന്റെ വിയോഗമാണ് മറ്റൊരു ദുരന്തം. ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയും ശരിക്കും അനാഥരായി. ഏക വരുമാനമാര്‍ഗമാണ് ഇല്ലാതായത്. ഓടിട്ട കുഞ്ഞുവീട്ടില്‍ ഏച്ചുകൂട്ടിയ നിലയിലുള്ള ഒരു കോണ്‍ക്രീറ്റ് മുറിയുണ്ട്. പഠനമുറി പദ്ധതിപ്രകാരം സാന്ദ്രയ്ക്കും സ്വാതിയ്ക്കും കിട്ടിയതാണ്. ഇനിയും ജീവിതം മുന്നോട്ടു പോകണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെയും മറ്റുള്ളവരുടെയും സഹായം തന്നെ വേണം. സാന്ദ്ര പത്താംതരം ജയിച്ചു നില്‍ക്കുന്നു. സ്വാതി ഏഴിലും.
നിപയുടെ ആദ്യ ഇര ആര്? വൈറസ് പരിശോധനയിലൂടെ തെളിയിച്ചില്ലെങ്കിലും അത് മുഹമ്മദ് സാബിത്താണ്. മരണം നടന്നത് മേയ് അഞ്ചിനും.
അങ്ങനെ വരുമ്പോള്‍ പേരാമ്പ്ര പ്രദേശത്തെ മരണങ്ങള്‍ക്കെല്ലാം പരസ്പര ബന്ധമാകും. ഇസ്മയിലും രാജനും ജാനകിയും ലിനിയും ഈ മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെത്തിയവരാണ്. ഇസ്മയില്‍ പനിബാധിച്ച് വന്നപ്പോള്‍ രാജനും ജാനകിയും രോഗികള്‍ക്ക് സഹായികളായിരുന്നു. ലിനി താലൂക്ക് ആശുപത്രിയില്‍ സാബിത്തിനെ ചികിത്സിച്ച നഴ്‌സും. മരിച്ച സാബിത്തും സ്വാലിഹും സഹോദരങ്ങള്‍. മറിയം അടുത്ത ബന്ധുവും.
കൂട്ടത്തിലെ ഇണങ്ങാത്ത കണ്ണി ചെക്യാട്ടെ അശോകനാണ്. അദ്ദേഹം ചികിത്സതേടിയത് തലശ്ശേരിയിലെ ആശുപത്രിയിലാണ്. അവിടെനിന്നും മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിയപ്പോള്‍ നിപ പിടിപെട്ടതാകാമെന്ന സാധ്യത മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha