പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സാണെന്ന് കണ്ടക്ടറുടെ മുന്നറിയിപ്പ്... അതോടെ യാത്രകാരി മുങ്ങി... ജോലിക്കിടെ ജീവന്‍ ബലിയര്‍പ്പിച്ച നഴ്‌സ് ലിനി ജോലി ചെയ്‌ത പേരാമ്ബ്ര താലൂക്കാശുപത്രിയിലെ ജീവനക്കാര്‍ക്കു നാട്ടുകാര്‍ അയിത്തം കല്‍പിക്കുന്ന സാഹചര്യം; റേഷന്‍ വേണമെങ്കിൽ വിരല്‍ ഡെറ്റോളില്‍ മുക്കണം; നിപ്പ പേടിയിൽ മുങ്ങി കോഴിക്കോട്

കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയിലെ ഒരു സ്‌റ്റാഫ് നഴ്‌സ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ സ്വകാര്യ ബസിലെ സീറ്റിലിരുന്നു. അടുത്ത് ഇരിക്കാനൊരുങ്ങിയ മറ്റൊരു യാത്രക്കാരിയെ കണ്ടക്‌ടര്‍ വിലക്കി. പേരാമ്ബ്ര ആശുപത്രിയിലെ നഴ്‌സാണെന്നു മുന്നറിയിപ്പ്. ആ യാത്രക്കാരി സീറ്റിലിരിക്കാതെ മാറി. ഇതു നഴ്‌സിനു വലിയ ഷോക്കായി. ഇന്നലെ അവര്‍ ജോലിക്കെത്തിയില്ല. കക്കട്ടിലിനടുത്ത നെട്ടൂരില്‍നിന്നു പേരാമ്ബ്ര ആശുപത്രിയിലേക്ക് ജോലിക്കു വരുന്ന മറ്റൊരാള്‍ക്കും സമാന അനുഭവമുണ്ടായി. നിപ്പ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കു വിശ്വാസമില്ല. രോഗബാധിതരുടെ അടുത്തു ചെന്നവരെല്ലാം നിരീക്ഷണത്തിലും ചികിത്സയിലുമായത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ജോലിക്കിടെ ജീവന്‍ ബലിയര്‍പ്പിച്ച നഴ്‌സ് ലിനി ജോലി ചെയ്‌ത പേരാമ്ബ്ര താലൂക്കാശുപത്രിയിലെ ജീവനക്കാര്‍ക്കു നാട്ടുകാര്‍ അയിത്തം കല്‍പിക്കുന്ന സാഹചര്യവും സംജാതമായി. തൊട്ടുകൂടാത്തവരെന്ന നിലയിലാണു ജനം തങ്ങളോടു പെരുമാറുന്നതെന്ന് അവര്‍ ഫെയ്‌സ്‌ബുക്കിലിട്ട ലൈവ് പോസ്‌റ്റില്‍ പറയുന്നു.
ജീപ്പിന്റെ സീറ്റ് പങ്കിടാന്‍ ആരും തയാറായില്ല.എല്ലാവരും ഒറ്റപ്പെടുത്തുന്ന അവസ്‌ഥ. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയോടു പണം വാങ്ങാന്‍ വിസമ്മതിച്ച സ്വകാര്യ ബസ് കണ്ടക്‌ടറുമുണ്ട്. വൈറസ് പകര്‍ന്നുകിട്ടുമത്രേ. നിപപ്പേടി മൂലം രോഗികള്‍ പേരാമ്ബ്ര ആശുപത്രിയെ കൈയൊഴിഞ്ഞു. അവിടെ ഡോക്‌ടര്‍മാരും ജീവനക്കാരും മാത്രം. വൈറസിനെ പ്രതിരോധിക്കാന്‍ ഉള്‍നാടുകളില്‍പോലും ആളുകള്‍ മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങി. ബസ് കണ്ടക്‌ടര്‍മാരും വ്യാപാരികളുമെല്ലാം മാസ്‌ക് അണിയുന്നു. കൂരാച്ചുണ്ടിലും മറ്റൊരു നിപ മരണമുണ്ടായ പാറക്കടവിലുമെല്ലാം മാസ്‌ക് ധരിച്ചവരെയേ റോഡില്‍ കാണാനുള്ളൂ!
സന്നദ്ധ സംഘടനകള്‍ മാസ്‌ക് വിതരണം ചെയ്യുന്നുണ്ട് .കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പമെത്തുന്നവരും മരുന്നുവാങ്ങാന്‍ വരുന്നവരുമെല്ലാം മാസ്‌ക് അണിഞ്ഞ് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. കാഷ്യര്‍മാര്‍, എക്‌സിക്യൂട്ടീവുമാര്‍ തുടങ്ങിയ ജീവനക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ബഹുരാഷ്‌ട്ര കമ്ബനികള്‍ തങ്ങളുടെ സ്‌ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
എന്‍.എച്ച് 95 ഗ്രേഡിലുള്ള മാസ്‌ക് ധരിക്കാനാണു നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകരും ഇതേ ഗ്രേഡിലുള്ള മാസ്‌ക് ധരിക്കണം. ലാബ് ടെക്‌നീഷ്യന്‍മാരും നഴ്‌സുമാരും പഴ്‌സണല്‍ സുരക്ഷാ ഉപകരണം(പി.പി.ഇ) ഉപയോഗിക്കണമെന്നും രോഗിയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ ഓരോ 20 സെക്കന്‍ഡിലും സ്‌പിരിറ്റ് ഉപയോഗിച്ച് കൈകഴുകണമെന്നും നിര്‍ദേശമുണ്ട്.
റേഷന്‍കടയില്‍ നിന്ന് അരി കിട്ടണമെങ്കില്‍ ആദ്യം ഡെറ്റോളില്‍ കൈകഴുകണം! കഴുകിത്തുടച്ചിട്ടേ ഇ-പോസ് മെഷീനില്‍ വിരലമര്‍ത്താവൂ എന്നാണ് റേഷന്‍ കടക്കാരുടെ തിട്ടൂരം. ഡെറ്റോളൊഴിച്ച വെള്ളം ബക്കറ്റിലുണ്ട്. നിപ വൈറസിനെ പേടിച്ചാണ് രോഗം ബാധിച്ച് ഒരാള്‍ മരിച്ച കൂരാച്ചുണ്ടിലെ റേഷന്‍ കടകളിലെ മുന്‍കരുതല്‍.
https://www.facebook.com/Malayalivartha