കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പട്ടയത്തില്‍ തെറ്റുകള്‍ വരുത്തിയതായി ആരോപിച്ച് തഹസില്‍ദാരെ ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചു ; പ്രതിക്ഷേധം ശക്തമായതോടെ തെറ്റുകള്‍ തിരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി

കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പട്ടയത്തില്‍ തെറ്റുകള്‍ വരുത്തിയതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മ്മാർ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് എല്‍.എ തഹസില്‍ദാരെ ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചു. രാജാക്കാട് പ്രവര്‍ത്തിക്കുന്ന രാജകുമാരി എല്‍.എ ഓഫീസിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ്.ബാബുവിനെയാണ് പ്രസിഡന്റ് സതി കുഞ്ഞുമോന്‍,വൈസ് പ്രസിഡന്റ് കെ.പി അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു വച്ചത്.
രാജാക്കാട് കൃഷിഭവനിലെ ഉദ്യോഗസ്ഥന്‍ പുളിവേലില്‍ സജിക്ക് പുതുതായി ലഭിച്ച പട്ടയത്തിലാണ് ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയത്. പട്ടയത്തിന് അപേക്ഷ നല്‍കിയപ്പോള്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഈ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും സജി നല്‍കുകയും ചെയ്തതായി പറയപ്പെടുന്നു.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് എന്ന പേരില്‍ 25,000 രൂപാ വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യം സജി പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് എല്‍.എ ഓഫീസില്‍ നേരിട്ടെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കുവാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പട്ടയം ലഭിച്ചുവെങ്കിലും നിറയെ തെറ്റുകള്‍ ആയിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടത് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതിലുള്ള വിരോധത്തില്‍ മനപ്പൂര്‍വ്വം തെറ്റുകള്‍ വരുത്തിയതാണെന്ന് ആരോപിച്ചാണ് സതി കുഞ്ഞുമോന്റെ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്ത് മെമ്ബര്‍മാരും ചേര്‍ന്ന് എല്‍.എ ഓഫീസിലെത്തി സ്‌പെഷ്യല്‍ തഹസില്‍ദാരെ തടഞ്ഞുവച്ചത്. പ്രതിക്ഷേധം ശക്തമാണെന്ന് മനസിലായതോടെ തെറ്റുകള്‍ തിരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























