തിരുനെല്ലി സ്‌കൂളിലെ അനാസ്ഥയില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

തിരുനെല്ലി സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ മന്ത്രി ഒ ആര്‍ കേളുവിന് പ്രിയങ്ക ഗാന്ധി കത്തയച്ചു. അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ ആണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളില്‍ കഴിയുന്നതെന്നും മോശം സാഹചര്യത്തില്‍ കുട്ടികള്‍ക്ക് താമസിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്, ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നു. സ്‌കൂള്‍ ആറളത്തേക്ക് മാറ്റുന്നത് വിദ്യാര്‍ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമായാണ്.
അടിയന്തരമായി ഹോസ്റ്റലിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തിരുനെല്ലിയില്‍ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണം. വിദ്യാര്‍ഥികളെ ആറളത്തേക്ക് മാറ്റുന്നത് ആശങ്കാജനകമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്‌കൂളിലെ മൂന്ന് ക്ലാസുമുറികളിലാണ്. എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാന്‍ ആകെ ഒറ്റ ശുചിമുറി മാത്രമാണ് ഉള്ളത്. മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്‌കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നുമാണ് സൂപ്രണ്ട് പ്രതികരിച്ചത്.
257 ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന വയനാട്ടിലെ ഗവണ്‍മെന്റ് ആശ്രമം ഹൈസ്‌കൂളിലാണ് അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരത. 127 വിദ്യാര്‍ത്ഥിനികളുള്ള ഹോസ്റ്റല്‍ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന നിലയില്‍ ആയപ്പോഴാണ് ജൂലൈയില്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതോടെ അധികൃതര്‍ക്ക് പെണ്‍കുട്ടികളെ സ്‌കൂളിലെ മൂന്ന് ക്ലാസ് മുറികളിലേക്കായി മാറ്റേണ്ടി വന്നു. ഓരോ ചെറിയ ക്ലാസ് മുറികളിലും നാല്‍പ്പതോളം കുട്ടികള്‍ വീതം ഞെങ്ങി ഞെരുങ്ങി കഴിയേണ്ട സാഹചര്യമായി.
അവിടെയും തീര്‍ന്നില്ല. ഈ 127 പേര്‍ക്കുമായി സ്‌കൂളില്‍ ഉള്ളത് ഒറ്റ ശുചിമുറി മാത്രമാണ്. അതും സ്‌കൂളിലെ ജീവനക്കാരുടേത്. ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റാന്‍ വളരെ മുന്‍പ് തന്നെ തീരുമാനിച്ച സ്‌കൂളായിരുന്നു ഇത് . എന്നാല്‍ ആറളത്ത് വൈദ്യുതി കണക്ഷന്‍ കിട്ടിയില്ലെന്ന കാരണം ഉന്നയിച്ച് സ്‌കൂളിലെ കുട്ടികളെ നിലവിലെ ദുരിത സാഹചര്യത്തില്‍ തന്നെ തുടരാന്‍ വിടുകയായിരുന്നു അധികൃതര്‍.
അതേസമയം ഇത്രയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് തൊട്ട് ചേര്‍ന്നിരിക്കുകാണ് അപകടവസ്താഥയില്‍ ഉള്ള ഹോസ്റ്റല്‍ കെട്ടിടം. പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തിലാണ് ആദിവാസി വിഭാഗക്കാര്‍ക്ക് ഈ ദുരിതം നേരിടേണ്ടി വരുന്നത്. ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലെന്ന പിഡബ്ലൂഡി നോട്ടീസ് കിട്ടയതിനാലാണ് കുട്ടികളെ ക്ലാസ് മുറികളില്‍ താമസിപ്പിക്കേണ്ടി വന്നതെന്ന് സീനിയര്‍ സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha