സംസ്‌ഥാനത്തേക്ക് തമിഴ്‌നാട്ടില്‍ നിന്നും മറ്റും വ്യാപകമായി ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മീനുകള്‍ വില്‍പനക്കെത്തുന്നതായി കണ്ടെത്തി ; ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി

തൊടുപുഴ: മീനുകളില്‍ രാസ പദാര്‍ഥങ്ങള്‍ കലര്‍ത്തി വില്‍പന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന ആരംഭിച്ചു. ഇന്നലെ ദേവികുളം താലൂക്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൂന്നാറിലെ മീന്‍ മാര്‍ക്കറ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്.
ഇന്നലെ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ പ്രത്യേക ടെസ്‌റ്റിങ് കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറെടുത്തിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം ഇത്തരത്തിലുള്ള പരിശോധന നടത്താനായില്ല. സംസ്‌ഥാനത്തേക്ക് തമിഴ്‌നാട്ടില്‍ നിന്നും മറ്റും വ്യാപകമായി ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മീനുകള്‍ വില്‍പനക്കെത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യാ സുരക്ഷാ വകുപ്പ് സംസ്‌ഥാനത്തുടനീളം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കിയിലും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കിയത്.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ മീന്‍ മാര്‍ക്കറ്റില്‍ നിന്നും കുട്ടിക്കാനത്തു നിന്നും പിടികൂടിയ സാമ്ബിളുകള്‍ കാക്കനാട്ടെ കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കായി അയിച്ചിരിക്കുകയാണ്. നാലു ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഇവിടെ പരിശോധനക്കായി എത്തുന്നതിനാല്‍ പലപ്പോഴും താമസിച്ചാണ് പരിശോധനാ ഫലം ലഭിക്കുന്നത്. ഹൈറേഞ്ചും ലോറേഞ്ചുമായി രണ്ടായി തിരിച്ചായിരിക്കും നാളെ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്‌ത പരിശോധന നടത്തുന്നത്.
ടെസ്‌റ്റിങ് കിറ്റുപയോഗിച്ചുള്ള പരിശോധനയില്‍ ഉടന്‍ തന്നെ മീനില്‍ രാസ വസ്‌തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് വ്യക്‌തമാകും. ഇടുക്കിയിലേക്ക് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകള്‍ വഴി പച്ചമീനുകള്‍ കടന്നു വരാത്തതിനാല്‍ കൂടുതലും മീന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും മായം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്. വന്‍കിട വ്യപാരികള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെയുള്ളവരുടെ പക്കല്‍നിന്നുള്ള മത്‌സ്യസാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് വിധേയമാക്കും. സാധാരണ മത്‌സ്യം കേടു കൂടാതെയിരിക്കാനുള്ള രാസ പദാര്‍ഥങ്ങളാണ് ഇവയില്‍ കലര്‍ത്തുന്നത്. ഇതു കണ്ടെത്താനുള്ള പരിശോധനയായിരിക്കും മുന്‍ഗണന. കൂടാതെ പഴകിയ മല്‍സ്യം പൊതു മാര്‍ക്കറ്റുകളില്‍ വില്‍പന നടത്തുന്നുണ്ടോ യെന്നതും കണ്ടെത്തും. മത്‌സ്യത്തോടൊപ്പം ഇവ കേടു കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കു ഐസും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























