കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയെന്ന് രാഹുല്‍ പറഞ്ഞതായി കേട്ടു'; അങ്ങനെയെങ്കില്‍ മുത്തലാഖില്‍ മുസ്ലീം സ്ത്രീകളെ പിന്തുണയ്ക്കാത്തതെന്തെന്ന് നരേന്ദ്ര മോദി
രാഹുലിനെ കളിയാക്കി മോഡി. മുത്തലാഖ് ബില്ലിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിനെ മുന്‍നിര്‍ത്തി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കു പിന്തുണ നല്കാന് കോണ്‍ഗ്രസ് തയാറാകുമോയെന്ന് മോദി ചോദിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഢില്‍ പൂര്‍വഞ്ചല്‍ എക്സ്പ്രസ് വേ തറക്കല്ലിടല്‍ നിര്‍വഹിച്ച് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. എന്നാല്‍ രാജ്യസഭയില്‍ പാസാകാനിരിക്കുന്ന മുത്തലാഖ് ബില്ലിനോടുള്ള നിലപാടിലൂടെ കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാര്ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു. മുസ്ലീം പുരുഷന്മാര്ക്കായി മാത്രമാണ് ഈ പാര്‍ട്ടി നിലനില്‍ക്കുന്നത്. കാരണം മുത്തലാഖ് ഉള്‍പ്പെടെയുള്ള മുസ്ലീം സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇക്കൂട്ടര്‍ ഒരിക്കലും പിന്തുണ നല്‍കില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാര്ക്ക് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണോ അതോ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടോയെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയാണെന്നു രണ്ടു ദിവസം മുമ്പ് ഒരു നേതാവ് (രാഹുല്‍ ഗാന്ധി) പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ മുസ്ലീങ്ങള്‍ക്കാണു പ്രാഥമിക അവകാശമെന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha