ആശുപത്രികളിൽ പ്രസവിച്ചാൽ കുട്ടിയുടെ രോഗപ്രതിരോധശേഷി കുറയുമെന്ന ഇന്റർനെറ്റ് സന്ദേശങ്ങളിൽ വിശ്വസിച്ച് പ്രസവം വീട്ടിലാക്കാമെന്ന് നിർദ്ദേശിച്ച് സുഹൃത്തുക്കൾ; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഗർഭകാല പ്രസവ ചികിത്സാരീതികൾ പരീക്ഷിച്ച് ഒമ്പതുമാസക്കാലം അധ്യാപികയുടെ സാഹസം....ഒടുവിൽ യൂട്യൂബ് പ്രസവം വരുത്തിയ ദുരന്തം

ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകൾ വിശ്വസിച്ച് വീട്ടിൽ സുഖപ്രസവത്തിന് ശ്രമിച്ച സ്കൂൾ അധ്യാപിക കുഞ്ഞിന് ജന്മം നൽകിയ ശേഷം രക്തം വാർന്ന് മരിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തുക്കളും കുടുങ്ങും.സ്‌കൂള്‍ അധ്യാപികയായ കെ. കൃതിക (28) ആണു മരിച്ചത്.
കൃതികയ്ക്കും വസ്ത്ര നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് കാർത്തികേയനും മൂന്ന് വയസുള്ള മകളുണ്ട്. ആശുപത്രികളിൽ പ്രസവിച്ചാൽ കുട്ടിയുടെ രോഗപ്രതിരോധശേഷി കുറയുമെന്ന ഇന്റർനെറ്റ് സന്ദേശങ്ങളിൽ വിശ്വസിച്ച് പ്രസവം വീട്ടിലാക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഗർഭകാല പ്രസവ ചികിത്സാരീതികൾ അനുസരിച്ചാണ് കൃതിക ഗർഭകാലത്ത് ഭക്ഷണം കഴിച്ചിരുന്നതും ജീവിത രീതികൾ ചിട്ടപ്പെടുത്തിയിരുന്നതും.
രക്‌തസ്രാവം നിലയ്‌ക്കാതിരുന്നതാണ് കൃതികയെ മരണത്തിലേക്കു നയിച്ചത്. മറുപിള്ള പുറത്തുവന്നതുമില്ല. ഇന്നലെ ഉച്ചയ്‌ക്ക് രത്നാഗിരീശ്വര്‍ നഗറിലെ വീട്ടിലാണ് കൃതിക പ്രസവിച്ചത്. രണ്ടു മണിയോടെ ഗര്‍ഭപാത്രം സങ്കോചിച്ചു തുടങ്ങി. വീട്ടില്‍തന്നെ പ്രസവിക്കാന്‍ തീരുമാനമെടുത്തിരുന്നതിനാല്‍ അപ്പോഴും ആശുപത്രിയില്‍ പോയില്ല. പ്രസവശേഷം രക്‌തം നിലയ്‌ക്കാതായതോടെ കാര്യങ്ങള്‍ വഷളായി.
ഈ ഘട്ടത്തില്‍ മറ്റു വഴിയില്ലാതെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളുടെ നിര്‍ദേശാനുസരണം പ്രകൃതി ചികില്‍സാരീതിയാണു കൃതിക പിന്തുടര്‍ന്നിരുന്നത്. സ്വാഭാവിക പ്രസവം മതിയെന്ന വാദത്തോടു ഭര്‍ത്താവ് കാര്‍ത്തികേയനും യോജിച്ചതോടെ കൃതികയും അങ്ങനെയൊരു തീരുമാനം എടുക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
യു ട്യൂബിലെ "ഹൗ ടു" വീഡിയോ നോക്കി പ്രസവമെടുക്കാനുള്ള നീക്കമാണു കൃതികയുടെ ജീവനെടുത്തത്. സുഹൃത്തുക്കളായ പ്രവീണിനും ലാവണ്യക്കുമെതിരേ കേസ് ഫയല്‍ ചെയ്‌തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha