കാത്തിരുന്നു ക്ഷമ നശിച്ചു; തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ദലിത് വിഭാഗക്കാര്‍ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കും; എന്‍ഡിഎ സഖ്യത്തില്‍ പുതിയ പ്രശ്‌നങ്ങളുയര്‍ത്തി കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ദലിത് വിഭാഗക്കാര്‍ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നാണു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി നിലപാടെടുത്തിരിക്കുന്നത്. ഇതോടുകൂടി എന്‍ഡിഎ സഖ്യത്തില്‍ല്‍ പുതിയ പ്രശ്‌നങ്ങള്‍ പുകയുകയാണ്. നാലു മാസത്തിനുള്ളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്ന ആവശ്യമാണ് ജെപിയു മുന്നോട്ടുവയ്ക്കുന്നത്.
ഈ നിയമത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനു വേണ്ടി കാത്തിരുന്നു ക്ഷമ നശിച്ചതായി റാം വിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാന്‍ പറയുന്നു. ഏപ്രില്‍ രണ്ടിനു നടത്തിയ പ്രക്ഷോഭത്തിന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണ്. ഓഗസ്റ്റ് ഒന്‍പതിനു ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കും. അതിനു മുന്‍പ് നിയമം നടപ്പാക്കുന്നതിനു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അതു സംഭവിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ദലിത് സേന നിരത്തിലിറങ്ങും ചിരാഗ് പറഞ്ഞു.
2014ല്‍ ബിജെപിയുമായി കൈകോര്‍ക്കാനുള്ള മുഖ്യകാരണം ദലിത് വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിച്ചിരുന്നതു കൊണ്ടാണ്. നരേന്ദ്ര മോദിയില്‍ വിശ്വാസവുമുണ്ടെന്നും ചിരാഗ് വ്യക്തമാക്കി. എന്നാല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്നു ചിരാഗ് പരസ്യമായി പറഞ്ഞില്ല. ലോക്‌സഭയില്‍ ആറ് എംപിമാരാണ് എല്‍ജെപിക്ക് ഉള്ളത്. നേരത്തേ യുപിഎയിലായിരുന്ന അവര്‍ 2014ലാണ് എന്‍ഡിഎയിലെത്തിയത്.
https://www.facebook.com/Malayalivartha


























