ഒടുവില്‍ അംഗീകാരം... ചൊവ്വയേയും ഭൂമിയേയും കുറിച്ചുള്ള സംയുക്ത പഠനത്തിന് നാസയും ഐ.എസ്.ആര്‍.ഒയും തമ്മില്‍ ധാരണ

ചൊവ്വയേയും ഭൂമിയേയും കുറിച്ചുള്ള സംയുക്ത പഠനത്തിന് നാസയും ഐ.എസ്.ആര്‍.ഒയും തമ്മില്‍ ധാരണയായി. സംയുക്ത പഠനത്തിനുള്ള ധാരണാപത്രത്തില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനും ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണനും കാനഡയിലെ ടോറന്റോയില്‍ ഒപ്പുവെച്ചു.
പഠന വിഷയങ്ങളില്‍ ഒന്ന് ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇതിനായി 2020 ല്‍ നാസ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( നിസാര്‍ ) ബഹിരാകാശത്തേക്കയയ്ക്കും. ഇതിലെ വാര്‍ത്താവിനിമയ സംവിധാനവും ഡാറ്റാ ശേഖരണ സാങ്കേതികതയും ജി.പി.എസ്. സംവിധാനവും നാസ നിര്‍മ്മിക്കും. ഉപഗ്രഹവും വിക്ഷേപണ വാഹനവും ഐ. എസ്. ആര്‍. ഒ നല്‍കും.
ധ്രുവങ്ങളിലെ മഞ്ഞുരുകല്‍, കൂറ്റന്‍ മഞ്ഞുപാളികള്‍ കടലിലൂടെ ഒഴുകിയുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം, അവയുണ്ടാക്കുന്ന അപകട സാദ്ധ്യതകള്‍, ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന നിസാറിന് ഒരുസെന്റിമീറ്ററില്‍ താഴെ വലിപ്പമുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയും.
ചൊവ്വയെ പറ്റി ഇന്ത്യയുടെ മംഗള്‍യാനും അമേരിക്കയുടെ മാവെനും ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറുന്നതാണ് ധാരണയിലെ രണ്ടാമത്തെ വ്യവസ്ഥ. അമേരിക്ക നേരത്തേ അയച്ച ഓര്‍ബിറ്റര്‍, റോവറുകള്‍ എന്നിവയുടെ വിവരങ്ങള്‍ കൈമാറുന്നതും മേലില്‍ റോവറുകളും ഓര്‍ബിറ്ററുകളും യോജിച്ച് വിക്ഷേപിക്കുന്ന കാര്യവും പിന്നീട് പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























