രാഹുലിനെ സാരികള്‍ തോല്‍പ്പിച്ചോളും? അമേഠിയിലെ സ്ത്രീകള്‍ക്ക് ദീപാവലി സമ്മാനമായി സ്മൃതി ഇറാനി നല്‍കിയത് 15,000 സാരികള്‍

സ്മൃതി ഇറാനി ഇപ്പോള്‍ അമേഠിയിലെ സ്ത്രീകളുടെ കാണപ്പെട്ട ദൈവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് സ്മൃതി പൊരുതി തോറ്റെങ്കിലും അമേഠിയിലെ ജനങ്ങളെ, പ്രത്യേകിച്ചും സ്ത്രീകളെ കൈയ്യിലെടുക്കാനാണ് സ്മൃതിയുടെ ശ്രമം. ദീപാവലി പ്രമാണിച്ച് 15,000 സാരികളാണ് സ്മൃതി സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നത്.
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി കൂടിയായ സ്മൃതി ഇറാനി അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുലിനെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസക്കാരിയാണ്. അതിന്റെ ഭാഗമായി വോട്ടര്‍മാരെ വശത്താക്കാനാണ് സ്മൃതിയുടെ ശ്രമം. തുടക്കത്തില്‍ 12,000 സാരികള്‍ വിതരണം ചെയ്യാനായിരുന്നു ശ്രമം. എന്നാല്‍ പിന്നീടിത് 15,000 സാരികളാക്കി മാറ്റി. ഇതുവരെ 12,000 സാരികള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍ വിതരണം ചെയ്യും.
അമേഠി മണ്ഡലത്തിലെ കുഗ്രാമങ്ങളില്‍ പോലും സാരി എത്തിക്കാനുള്ള എല്ലാ സജ്ജീകരണവും സ്മൃതി ചെയ്തു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടിയ സ്ഥലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്കാണ് സാരികള്‍ വിതരണം ചെയ്യുന്നത്.
സൂറത്തിലെ മില്ലില്‍ സ്മൃതി നേരിട്ടെത്തിയാണ് സാരിയെടുത്തത്. സാരികള്‍ ദസറയ്ക്ക് വിതരണം ചെയ്യാനായിരുന്നു പരിപാടിയെങ്കിലും ദീപാവലിക്ക് നല്‍കുകയായിരുന്നു. നരേന്ദ്ര മോഡിയുടേയും സ്മൃതി ഇറാനിയുടേയും ഫോട്ടോ പതിച്ച കവറുകളിലാണ് സാരി വിതരണം ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയോട് ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റെങ്കിലും സ്മൃതിയ്ക്ക് രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സാരികള്‍ രാഹുലിനെതിരെ മാറുമെന്നാണ് സ്മൃതിയുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























