മഹാരാഷ്ട്രയിലും ഹരിയാനയിലും മന്ത്രിസഭാ രൂപീകരണം ത്രിശങ്കുവില്‍

മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. മഹാരാഷ്ട്രയില്‍ ആരുമായി സഖ്യമുണ്ടാക്കും എന്നതും ഹരിയാനയില്‍ ആരെ മുഖ്യമന്ത്രി ആക്കുമെന്നതും ബിജെപിയ്ക്ക് തലവേദനയാകുന്നു. ഇരു സംസ്ഥാനങ്ങളിലും അവ്യക്തതയും വിലപേശലും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവത്തില്‍ തെരഞ്ഞെടുപ്പ് എന്ന ആദ്യ കടമ്പ കടന്നപ്പോഴാണ് ഇപ്പോഴത്തെ പ്രശ്‌നം ഇരുസംസ്ഥാനങ്ങളെയും വേട്ടയാടുന്നത്.
പരമ്പരാഗത സഖ്യകക്ഷികളായ ശിവസേനയുമായി ബിജെപി പിരിഞ്ഞതു മുതല്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റു നോക്കുകയാണ്. ശിവസേനയുമായി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കണോ എന്‍സിപിയുടെ പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ശിവസേന, സഖ്യം രൂപീകരിക്കാന്‍ തയാറുമാണ്. തൂക്കു മന്ത്രിസഭയാണ് ഇക്കുറി മഹാരാഷ്ട്രയ്ക്ക്. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ ബിജെപിയ്ക്കും ആയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 145 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കേ, ബി.ജെ.പിക്ക് 25 സീറ്റിന്റെ കുറവുണ്ട്.
ശിവസേനയുമായി സഖ്യം രൂപീകരിച്ചാല്‍ പൊതുവെ ഇവിടെ ഭരണം നന്നായി നടക്കും. പ്രധാനപ്പെട്ട ഒന്മനോ രണ്ടോ വകുപ്പ് സേനയ്ക്കു നല്‍കിയാല്‍ അവര്‍ തൃപ്തരുമാകും, പരമ്പരാഗത സഖ്യമായിരുന്നതിനാല്‍ മറ്റു കുഴപ്പങ്ങളും കുറവായിരിക്കും. ആരുമായി വേണമെങ്കിലും സഖ്യമാകതാം എന്ന് പറഞ്ഞെങ്കിലും ആര്‍എസ്എസിനും താത്പര്യം സേന-ബിജെപി സഖ്യമാണ്. അതെസമയം ഉപാധിരഹിത പിന്തുണ അറിയിച്ച എന്‍സിപിയോടും ബിജെപി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. 41 സീറ്റുള്ള എന്‍.സി.പി. അപ്രതീക്ഷിതമായാണ് ഉപാധിരഹിതപിന്തുണ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ചു പിന്‍വാതില്‍ചര്‍ച്ചകള്‍ സജീവമാണ്.
മഹാരാഷ്ട്രയില്‍ ശക്തമായ സര്‍ക്കാര്‍ വേണമെന്നതിനാലാണു ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയാറായതെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയെങ്കിലും പവാറിന്റെ മരുമകനും മുന്‍മന്ത്രിയുമായ അജിത് പവാറിനെതിരായ അഴിമതിക്കേസുകളെച്ചൊല്ലിയുള്ള ആശങ്കയാണ് ഈ നീക്കത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണമെന്നു സൂചനയുണ്ട്.
ഹരിയാനയില്‍ മുഖ്യമന്ത്രിയാരെന്ന് ഇന്നു തീരുമാനിക്കുമെന്നു ബി.ജെ.പി. വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സംഘടനാചുമതലയുള്ള കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്നു നടക്കുന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞതവണ ലഭിച്ച നാലു സീറ്റില്‍നിന്ന് 47 സീറ്റിലേക്കാണു ബി.ജെ.പി. കുതിച്ചുചാട്ടം നടത്തിയത്. പാര്‍ട്ടി ദേശീയവക്താവും ഭൂരിപക്ഷ ജാട്ട് സമുദായക്കാരനുമായ ക്യാപ്റ്റന്‍ അഭിമന്യു, ആദ്യമായി എം.എല്‍.എയായ ആര്‍.എസ്.എസ്. നേതാവ് മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരാണു മുഖ്യമന്ത്രിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























